ചിക്കന്‍പോക്സിനെതിരെ ജാഗ്രത പാലിക്കണം: ഡി എം ഒ
ജില്ലയില്‍ ചിക്കന്‍പോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
വായു വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കന്‍പോക്സ്. പനി, ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന ഇവയാണ് ചിക്കന്‍പോക്സിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടേണ്ടതാണ്. ഡോക്ടറുടെ നിര്‍ദ്ദേപ്രകാരം രോഗാരംഭം മുതല്‍ ആന്റിവൈറല്‍ മരുന്ന് ഉപയോഗിക്കുന്നത് രോഗം വളരെ വേഗത്തില്‍ ഭേദമാകാന്‍ സഹായിക്കും. ശരീരത്തില്‍ തുടരെത്തുടരെ പ്രത്യക്ഷപ്പെടുന്ന കുമിളകള്‍ പൊട്ടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വായില്‍ കുമിളകള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത് രോഗശമനത്തിന് സഹായകമാണ്. ശരീരം വൃത്തിയായി സൂക്ഷിക്കുന്നതും നഖം വെട്ടി ചെറുതാക്കുന്നതും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നതും രോഗം ഭേദമാക്കുന്നതിന് സഹായിക്കും. രോഗിക്ക് ഏത് ആഹാരവും കഴിക്കാവുന്നതാണ്. ധാരാളം വെള്ളം കുടിക്കുന്നതും വായു സഞ്ചാരമുള്ള മുറിയില്‍ കിടക്കുന്നതും വളരെ നല്ലതാണ്. രോഗി മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അണുവിമുക്തമാക്കണം. രോഗാരംഭത്തിനു മുമ്പുള്ള ദിവസങ്ങളിലും രോഗത്തിന്റെ ആരംഭ ദിവസങ്ങളിലുമാണ് രോഗം മറ്റുളളവരിലേക്ക് കൂടുതലായി പകരുന്നത്. കുട്ടികളില്‍ വളരെ നിസ്സാരമായി മാറിപ്പോകുന്ന ഈ അസുഖം മുതിര്‍ന്നവരില്‍ വളരെ ഗൗരവതരമാകാനും മരണപ്പെടാനും സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. ചിക്കന്‍പോക്സിനെതിരെയുള്ള മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.
- Log in to post comments