കുട്ടികളിലെ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരത്തേ അറിയാന്‍ ക്യാംപുമായി അഴിക്കോട് പഞ്ചായത്ത്
കുട്ടികളിലെ ശാരീരിക, മാനസിക വെല്ലുവിളികള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനായി പ്രത്യേക ക്യാംപ് സംഘടിപ്പിച്ച് അഴീക്കോട് ഗ്രാമപഞ്ചായത്ത്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മനശാസ്ത്ര വകുപ്പും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് ആവിഷ്കരിച്ച കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ പ്രൊജക്ടിന്റെ (സിഡിഎംആര്‍പി) ഭാഗമായാണ് സ്ക്രീനിങ്ങ് ക്യാംപ് സംഘടിപ്പിച്ചത്. പഞ്ചായത്തിലെ രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള തെരഞ്ഞെടുത്ത കുട്ടികള്‍ ക്യാംപില്‍ പങ്കെടുത്തു.
അഴീക്കോട് പഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഉല്‍പ്പെടുത്തിയാണ് നിയോ നാറ്റല്‍ പദ്ധതി നടപ്പിലാക്കുന്നത്. വന്‍കുളത്ത് വയലിലെ പൊതുജനാരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ക്യാംപില്‍ നിരവധി കുട്ടികള്‍ പരിശോധനകള്‍ക്കായി എത്തിച്ചേര്‍ന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ ചെറിയ പ്രായത്തില്‍ത്തന്നെ കണ്ടെത്തി ചികിത്സ നല്‍കുന്നത് അസുഖം ഭേദമാക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രസിഡന്റ് സി പ്രസന്ന പറഞ്ഞു. പലപ്പോഴും ഏറെ വൈകിയാണ് കുട്ടികളിലെ ശാരീരിക, മാനസിക വെല്ലുവിളികള്‍ പ്രകടമാവുന്നത്. ഇത് കൃത്യസമയത്ത് ശരിയായ ചികില്‍സ ലഭ്യമാക്കുന്നതിന് തടസ്സമാകുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.
കാലിക്കറ്റ് സര്‍വ്വകലാശാല മനശാസ്ത്ര വകുപ്പ് തയ്യാറാക്കിയ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നടത്തിയ സര്‍വേയിലൂടെയാണ് കുട്ടികളിലെ വൈകല്യങ്ങള്‍ കണ്ടെത്തിയത്. പരിശീലനം നേടിയ അംഗണവാടി- ആശാ വര്‍ക്കര്‍മാര്‍മാരുടെ നേതൃത്വത്തിലായിരുന്നു സര്‍വേ. അഴീക്കോട് പഞ്ചായത്തില്‍ എണ്ണൂറ് കുട്ടികളില്‍ നടത്തിയ സര്‍വേയില്‍ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന 135 കുട്ടികളെ കണ്ടെത്തിയിരുന്നു. ഇവരെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയമാക്കുകയും ആവശ്യമായ ചികില്‍സ ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാംപ് സംഘടിപ്പിച്ചത്. ഇവരെ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതിന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ശിശുരോഗ വിദഗ്ദന്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘത്തന്റെ സേവനം ക്യാംപില്‍ ലഭ്യമാക്കിയിരുന്നു.
അഴീക്കോട്, പഴശ്ശി, പരിയാരം, എരഞ്ഞോളി, പയ്യന്നൂര്‍, ആന്തൂര്‍ എന്നിവിടങ്ങളിലായി സിഡിഎംആര്‍പിയുടെ 6 ക്ലിനിക്കുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസങ്ങളില്‍ ക്ലിനിക്കുകളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ക്യാംപിലൂടെ വെകല്യങ്ങള്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് ക്ലിനിക്കില്‍ ചികിത്സ നല്‍കും. വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനു വേണ്ട സൗകര്യവും ഇവര്‍ തന്നെ നല്‍കും.
- Log in to post comments