Skip to main content

റോഡ് സുരക്ഷാവാരം: സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും

കേരള സര്‍ക്കാറും റോഡ് സുരക്ഷാ അതോറിറ്റിയും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ റോഡ് സുരക്ഷാവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 13 ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 'നിരത്തിലെ ജാഗ്രത കുടുംബത്തിന്റെ സുരക്ഷയ്ക്ക്' എന്ന മുദ്രാവക്യം ഉയര്‍ത്തിയാണ് ജനുവരി 11 മുതല്‍ 17 വരെ റോഡ് സുരക്ഷാവാരമായി ആചരിക്കുന്നത്. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷര്‍ ആര്‍ ശ്രീലേഖ, റോഡ് സേഫ്റ്റി കമ്മീഷണര്‍ എന്‍ ശങ്കര്‍ റെഡ്ഡി, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും.
അമിത വേഗത, അമിത വെളിച്ചം, അമിത ശബ്ദം എന്നിവ ഒഴിവാക്കികൊണ്ടുള്ള യാത്രയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.ഹെല്‍മറ്റ്്, സീറ്റ് ബെല്‍റ്റ് എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവാന്‍മാരാക്കുന്നതിനും ഉറക്കമൊഴിച്ചുള്ള രാത്രിയാത്രയും ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്ങും ഒഴിവാക്കുന്നതിനുമാണ് റോഡ് സുരക്ഷാവാരമായി ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങള്‍.  ഇരുചക്ര വാഹനങ്ങളാണ് കൂടുതലായി അപകടത്തില്‍പ്പെടുന്നത്.യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കുന്നത് തലയ്ക്ക് ക്ഷതമേറ്റത് കൊണ്ടുണ്ടാകുന്ന മരണം ഇല്ലാതാക്കാം. പുതുതായി നിയമത്തിലും പിഴയിലും വന്ന പരിഷ്‌കാരങ്ങള്‍ ജില്ലയില്‍ അപകടങ്ങളും അപകട മരണ നിരക്കും കുറച്ചിട്ടുണ്ടന്ന് ആര്‍ ടി ഒ വി വി മധുസൂദനന്‍ അറിയിച്ചു.  ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് ഇ എസ് ഉണ്ണികൃഷ്ണനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

date