Skip to main content
കട്ടപ്പന ബ്ലോക്ക്പഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും കട്ടപ്പന മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യുന്നു.

ഭവനരഹിതര്‍ക്ക് വീടുകള്‍ ലഭിക്കുമ്പോള്‍ അവരത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രയോജനപ്പെടുത്തണം: മന്ത്രി എം.എം.മണി

ഭവനരഹിതര്‍ക്ക് വീടുകള്‍ ലഭിക്കുമ്പോള്‍ അവരത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി.  കട്ടപ്പന ബ്ലോക്ക്പഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും കട്ടപ്പന മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭവന പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ച ഗുണഭോക്താക്കള്‍ അത് കുറച്ച് നാളുകള്‍ക്ക് ശേഷം വിറ്റിട്ട് മറ്റൊരു സ്ഥലത്തു പോയി ഭവനരഹിതരെന്ന് പറഞ്ഞ് വീണ്ടും പദ്ധതിയില്‍ അപേക്ഷ നല്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇത്തരത്തിലുള്ള ദുരുപയോഗം ഉണ്ടാകരുത്. ഭവനരഹിതര്‍ക്ക്  സുരക്ഷിതമായൊരു താമസയിടം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത് ചൂഷണം ചെയ്യുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ഉപ്പുതറ പഞ്ചായത്തിലെ തോട്ടം മേഖലയിലെ ഭൂപ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍  ലൈഫ് ഭവന പദ്ധതിക്ക് പ്രശംസനീയ ഏകോപനം വഹിച്ച  കോ-ഓര്‍ഡിനേറ്റര്‍  കെ. പ്രവീണിന് മന്ത്രി ഉപഹാരം നല്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി യോഗത്തിന് അധ്യക്ഷത വഹിച്ചു.
ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തി. ലൈഫ് ഗുണഭോക്തൃ കുടുംബ സംഗമത്തിനെത്തിയവര്‍ക്കുള്ള ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനവും എം.എല്‍.എ നിര്‍വ്വഹിച്ചു. ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിനും ഗുണഭോക്തൃ സംഗമത്തിലെത്തിയിരുന്നു. യോഗത്തില്‍ ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  കെ. പ്രവീണ്‍ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചിയാര്‍ രാജന്‍ സ്വാഗതവും ബി.ഡി.ഒ. ധനേഷ്. ബി നന്ദിയും പറഞ്ഞു..
ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ വി.ആര്‍.ശശി ( കാഞ്ചിയാര്‍), കെ.എല്‍.ബാബു (അയ്യപ്പന്‍കോവില്‍ ), കെ.സത്യന്‍ (ഉപ്പുതറ), കുസുമം സതീഷ് (ചക്കുപള്ളം),  ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കുട്ടിയമ്മ സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാലി ജോളി, ജിജി .കെ.ഫിലിപ്പ്, രാജേഷ് കുഞ്ഞുമോള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.ആര്‍.സജി, വി.എസ്. അഭിലാഷ് , ബ്ലോക്ക് - ഗ്രാമ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച സേവനം കാഴ്ചവച്ച ലൈഫ് ഭവന പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥരായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, അസി.സെക്രട്ടറിമാര്‍, പട്ടികജാതി വികസന ഓഫീസര്‍, പട്ടികവര്‍ഗ വികസന ഓഫീസര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ആറ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമുള്ള മുതിര്‍ന്ന ലൈഫ് ഗുണഭോക്താക്കളാണ് ഉദ്ഘാടന യോഗത്തിനെത്തിയ അതിഥികളെ സ്വീകരിച്ചത്.  സംഗമത്തിനെത്തിയ  എല്ലാ ഗുണഭോക്താക്കള്‍ക്കും    ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു.   ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പിലൂടെ ഉല്പ്പാദിപ്പിച്ച തൈകളാണ് വിതരണം ചെയ്തത്.

സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് പദ്ധതി പ്രകാരം കട്ടപ്പന ബ്ലോക്കില്‍ 1183 വീടുകളാണ് പൂര്‍ത്തീകരിച്ചത്.  ഓരോ ഗ്രാമ പഞ്ചായത്തിലും ലൈഫിലൂടെ പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണം. എഗ്രിമെന്റ് വച്ചവരുടെ എണ്ണം ബ്രായ്ക്കറ്റിലും. അയ്യപ്പന്‍കോവില്‍- 66 (82), ചക്കുപള്ളം - 76 (80), ഇരട്ടയാര്‍ - 68 (68), കാഞ്ചിയാര്‍-155 (209), ഉപ്പുതറ - 450 (722), വണ്ടന്‍മേട് - 205 (216), ഇതു കൂടാതെ ഈ പഞ്ചായത്തുകളിലായി ലൈഫിന്റെ ഒന്നാം ഘട്ടത്തില്‍ എഗ്രിമെന്റ് വച്ച  135 ല്‍ 132 വീടുകളും പി.എം.എ.വൈ യില്‍ ഉള്ള 32 ല്‍ 31 വീടുകളും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് കലാപരിശീലന പദ്ധതിയുടെ ഭാഗമായി വിവിധ കലാപരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചു.  ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ച   കുടുംബങ്ങളില്‍ നിന്നായി  ആയിരത്തിലധികം പേര്‍ ഗുണഭോക്തൃ സംഗമത്തില്‍ പങ്കെടുത്തു.

ഉദ്ഘാടന യോഗത്തിനു ശേഷം ഗുണഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അദാലത്തും ഒരുക്കിയിരുന്നു. ജീവിത ശൈലീ രോഗനിര്‍ണയവും ബോധവത്ക്കരണവും ഒരുക്കി ആരോഗ്യ വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യു, കൃഷി വകുപ്പ് , സിവില്‍ സപ്ലൈസ്  കുടുംബശ്രീ തുടങ്ങി ഇരുപതോളം സ്റ്റാളുകള്‍ അദാലത്തില്‍ പ്രവര്‍ത്തിച്ചു. കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ സബ്‌സിഡി നിരക്കില്‍ നല്‍കാന്‍  ലൈഫുമായി കരാര്‍ ഒപ്പുവച്ച വിതരണക്കാര്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

 
 

date