Skip to main content

നദികളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആസൂത്രണ സമിതി നിര്‍ദേശം

പ്രളയാനന്തരം ജില്ലയിലെ നദികളിലടിഞ്ഞുകൂടിയ ചെളി, മരങ്ങള്‍, കല്ലുകള്‍ തുടങ്ങിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് എന്നിവര്‍ നിര്‍ദേശിച്ചു. മുന്‍വര്‍ഷങ്ങളിലേതുപോലെ പ്രളയം ആവര്‍ത്തിച്ചാല്‍ ഉണ്ടാകുന്ന ആഘാതം കുറക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേകം മുന്‍കൈ എടുക്കണം. ഈ വിഷയത്തില്‍ വലിയ ആശങ്കയാണ് ജനങ്ങള്‍ക്കുള്ളെതന്നും കൃത്യമായ ഇടപെടലുകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍മ്മപദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ യോഗം വിളിച്ചുചേര്‍ക്കുമെന്നും എത്രയും വേഗത്തില്‍ പ്രാദേശികമായി പദ്ധതി തയ്യാറാക്കണമെന്നും കലക്ടര്‍ പറഞ്ഞു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചുകൊണ്ടാവണം തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഷിക പ്ലാന്‍ തയ്യാറാക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു. പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ കര്‍ശന നടപടികളിലേക്ക് കടക്കും. നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ കടകളില്‍ വിറ്റ് തീരുന്നത് വരെ കാത്തിരിക്കാന്‍ സാധിക്കില്ല. പ്രാദേശിക തലത്തില്‍ കൃത്യമായ നിരീക്ഷണം ഉണ്ടാകണം. പ്ലാസ്റ്റിക് വില്‍ക്കുന്ന കടകളില്‍ പരിശോധന നടത്തി നിയമപരമായ മുന്നറിയിപ്പ് നല്‍കണം. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമനടപടികളിലേക്ക് നീങ്ങും. ജനുവരി 22 ന് നടക്കുന്ന ലൈഫ് ജില്ലാതല സംഗമത്തില്‍ മുഴുവന്‍ ജനപ്രതിനിധികളുടേയും പങ്കാളിത്തം ഉണ്ടാകണമെന്നും കെ വി സുമേഷ് അറിയിച്ചു.

13 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. കാങ്കോല്‍ ആലപ്പടമ്പ, മാട്ടൂല്‍, ആറളം, ചിറ്റാരിപ്പറമ്പ്, അയ്യന്‍കുന്ന്, പാപ്പിനിശ്ശേരി, കുറ്റിയാട്ടൂര്‍, പട്ടുവം, പരിയാരം, ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തുകളുടേയും കണ്ണൂര്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്തുകളുടേയും ആന്തൂര്‍ നഗരസഭയുടേയും പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങളായ കെ പി ജയബാലന്‍ മാസ്റ്റര്‍, വി കെ സുരേഷ് ബാബു, സുമിത്ര ഭാസ്‌ക്കരന്‍, പി ഗൗരി, പി ജാനകി, എം സുകുമാരന്‍, ഇ പി ലത, കെ വി ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date