Skip to main content

കേരള സാഹിത്യ അക്കാദമി പുരസ്‌കാരസമർപ്പണം

കേരള സാഹിത്യ അക്കാദമിയുടെ 63-ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജനുവരി 20 രാവിലെ 10.30ന് അക്കാദമി ഓഡിറ്റോറിയത്തിൽ സാംസ്‌കാരിക
വകുപ്പു മന്ത്രി എ.കെ. ബാലൻ നിർവ്വഹിക്കും. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും സമഗ്രസംഭാവനാപുരസ്‌കാരങ്ങളും മന്ത്രി എ.കെ.ബാലൻ സമർപ്പിക്കും. എം.മുകുന്ദൻ, കെ.ജി.ശങ്കരപ്പിള്ള എന്നിവർ വിശിഷ്ടാംഗത്വവും ഡോ. സ്‌കറിയ സക്കറിയ, ഡോ.ഒ.എം.അനുജൻ, എസ്.രാജശേഖരൻ, മണമ്പൂർ രാജൻബാബു, നളിനി ബേക്കൽ എന്നിവർ സമഗ്രസംഭാവനാ
പുരസ്‌കാരവും ഏറ്റുവാങ്ങും. അക്കാദമി പ്രസിഡണ്ട് വൈശാഖൻ അധ്യക്ഷത വഹിക്കും. കൃഷിവകുപ്പുമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ മുഖ്യാതിഥിയാകും. ഇ.പി.രാജഗോപാലൻ വിശിഷ്ടാംഗങ്ങളെയും ഡോ.മ്യൂസ് മേരി ജോർജ്ജ് സമഗ്രസംഭാവനാപുരസ്‌കാരജേതാക്കളെയും പരിചയപ്പെടുത്തും. ഡോ.കെ.പി.മോഹനൻ, ടി.പി.വേണുഗോപാലൻ എന്നിവർ പങ്കെടുക്കും. വൈകീട്ട് മൂന്നിന് എഴുത്തും തുല്യനീതിയും എന്ന സെമിനാർ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. കെ.ജി.ശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിക്കും. സാറാജോസഫ്, കെ.ഇ.എൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ജനുവരി 21 ന് രാവിലെ പത്തിന് എഴുത്തും കാഴ്ചപ്പാടും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കന്നഡ നോവലിസ്റ്റ് എസ്.എൽ.ഭൈരപ്പ ഉദ്ഘാടനം ചെയ്യും. പ്രൊഫ.എം.എം.നാരായണൻ മോഡറേറ്ററായിരിക്കും. പുരസ്‌കാരജേതാക്കൾ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് എസ്.എൽ.ഭൈരപ്പയുടെ പർവ്വം എന്ന നോവലിന്റെ പ്രകാശനം കെ.ജി.ശങ്കരപ്പിള്ള നിർവ്വഹിക്കും. ബി.എം.സുഹ്‌റ ഏറ്റുവാങ്ങും. പ്രൊഫ.വി.എൻ.മുരളി, സുധാകരൻ രാമന്തളി, ടി.ഡി.രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. വൈകീട്ട് മൂന്നിന് അക്കാദമി അവാർഡും എൻഡോവ്‌മെന്റ് അവാർഡുകളും അക്കാദമി പ്രസിഡണ്ട് വൈശാഖൻ സമർപ്പിക്കും. അക്കാദമി വൈസ് പ്രസിഡണ്ട് ഡോ.ഖദീജ മുംതാസ് അധ്യക്ഷത വഹിക്കും. പുരസ്‌കാരജേതാക്കളെ ആലങ്കോട് ലീലാകൃഷ്ണനും ഡോ.സി.രാവുണ്ണിയും പരിചയപ്പെടുത്തും. പുരസ്‌കാരജേതാക്കൾ മറുപടിപ്രസംഗം നടത്തും.

date