ലൈഫ് മിഷൻ: മതിലകത്ത് പൂർത്തീകരിച്ചത് 857 വീടുകൾ കുടുംബ സംഗമവും അദാലത്തും ഇന്ന് (ജനുവരി 18)
ലൈഫ് പദ്ധതിയിൽ മതിലകം ബ്ലോക്ക് പഞ്ചായത്തിൽ പൂർത്തീകരിച്ചത് 857 വീടുകൾ. ലൈഫ് മിഷൻ സമ്പൂർണ്ണ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മതിലകം, എസ് എൻ പുരം, എടവിലങ്ങ്, എറിയാട്, എടതുരുത്തി, കയ്പമംഗലം, പെരിഞ്ഞനം എന്നീ പഞ്ചായത്തുകളിലായാണ് വീടുകൾ പണിതത്. ഇതിന്റെ ഭാഗമായി ലൈഫ് വകുപ്പിന്റെ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും മതിലകം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഇന്ന് (ജനുവരി 18) രാവിലെ 10.30ന് നിർവ്വഹിക്കും. സംസ്ഥാന തലത്തിൽ ജനുവരി 26 ന് നടക്കുന്ന പൂർത്തീകരണ പ്രഖ്യാപനത്തിന് മുന്നോടിയായാണ് കുടുംബസംഗമവും അദാലത്തും നടത്തുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കാനാണ് കുടുംബസംഗമത്തോടൊപ്പം അദാലത്തും സംഘടിപ്പിക്കുന്നത്.
ഗുണഭോക്താക്കൾക്ക് രജിസ്‌ട്രേഷനായി പ്രത്യേകം കൗണ്ടർ സജ്ജമാക്കിയിട്ടുണ്ട്. ഇരുപതോളം സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ ഒരുക്കിയാണ് അദാലത്ത് നടത്തുക.
കേരളത്തിലെ അർഹരായ ഭൂരഹിത ഭവനരഹിതർക്ക് സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവ്വഹിക്കുന്നതിനും സാമ്പത്തിക സേവനങ്ങൾ ഉൾപ്പെടെ എല്ലാ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കാനും ഉതകുന്ന തരത്തിൽ സുരക്ഷിതവും മാന്യവുമായ വീടുകൾ നൽകുക എന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യം. സംസ്ഥാന തലത്തിൽ രണ്ട് ലക്ഷം വീടുകളുടെ നിർമ്മാണമാണ് ജനുവരിയിൽ പൂർത്തിയാകുന്നത്.
ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കും. ദാരിദ്ര്യ ലഘൂകരണ വിഭാഗം പദ്ധതി ഡയറക്ടർ സെറീന റഹ്മാൻ പദ്ധതി അവതരിപ്പിക്കും.
- Log in to post comments