Skip to main content
ഉള്‍ക്കരുത്തിന്റെ പാഠം പകര്‍ന്ന് സാന്ത്വന സംഗമം

ഉള്‍ക്കരുത്തിന്റെ പാഠം പകര്‍ന്ന് സാന്ത്വന സംഗമം

ഇരുട്ടെന്ന് നിങ്ങള്‍ കരുതിയ ഇടങ്ങളില്‍ ഞങ്ങള്‍ക്ക് വെളിച്ചമുണ്ട്. ബലഹീനര്‍ എന്നു നിങ്ങള്‍ സഹതപിക്കുമ്പോള്‍ ഞങ്ങള്‍ ഊര്‍ജസ്വലരാണ്. കുറവുകള്‍ എന്നു നിങ്ങള്‍ കരുതുന്നതൊക്കെ ഞങ്ങള്‍ക്ക് കഴിവുകളാണ്.  മാട്ടൂല്‍ ചെഷയര്‍ വില്ലേജില്‍  സാമൂഹ്യ സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന കുടുംബ സംഗമത്തിലെത്തിയവര്‍ പറയാതെ പറഞ്ഞതും പങ്കുവെച്ചതും ഇതേ കാര്യമാണ്. വേദനകളും  മരുന്നും ആശുപത്രിക്കിടക്കയും മാത്രമല്ല, അതിനപ്പുറത്തെ വിശാലമായ ലോകം തങ്ങളുടേതും കൂടിയാണ് എന്ന തിരിച്ചറിവായിരുന്നു അവരുടെ മുഖങ്ങളില്‍.സംസ്ഥാന ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് സാമൂഹ്യ സാന്ത്വന പരിചരണ ദിനാചരണം സംഘടിപ്പിച്ചത്.കല്യാശേരി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴു പഞ്ചായത്തുകളില്‍ നിന്നായി മുന്നൂറോളം പേരാണ് കുടുംബ സംഗമത്തില്‍ പങ്കുചേര്‍ന്നത്
പൂച്ചെണ്ടുകളുമായി രോഗിയുടെ അരികിലെത്തുന്ന പെണ്‍കുട്ടിയെ സുനിത വരച്ചു തീര്‍ത്തത് തന്റെ വായ കൊണ്ടായിരുന്നു. ചിത്രരചനയിലെ മികവിന് ദേശീയ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ വ്യക്തിയാണ് കുഞ്ഞിമംഗലത്തെ സുനിത തൃപ്പാണിക്കര.  കൈകാലുകള്‍ക്ക് സ്വാധീനമില്ലെങ്കിലും വായയില്‍ കടിച്ചുപിടിച്ച ബ്രഷുപയോഗിച്ചാണ് സുനിത തന്റെ സ്വപ്നങ്ങള്‍ക്കും ചിന്തകള്‍ക്കും നിറം പകരുന്നത്. സാന്ത്വന പരിചരണം എന്നാല്‍ മരുന്നുകള്‍ നല്‍കല്‍ മാത്രമല്ല, സ്‌നേഹം പകര്‍ന്നു നല്‍കല്‍ കൂടിയാണെന്നും വേദന അനുഭവിക്കുന്നവരെ തങ്ങളില്‍  ഒരാളായി കാണാന്‍ കഴിയണമെന്നും സുനിത പറയുന്നു.
വിവിധ മേഖലകളില്‍ നിന്നെത്തിയവര്‍ക്ക് തുണയും താങ്ങുമായി ദേശീയ ആരോഗ്യ ദൗത്യം സാന്ത്വന പരിചരണ പ്രവര്‍ത്തകരും മെഡിക്കല്‍ ഓഫീസര്‍മാരും സാമൂഹ്യ പ്രവര്‍ത്തകരും ആശ വര്‍ക്കര്‍മാരും നഴ്‌സിങ് കോളേജ് വിദ്യാര്‍ഥികളും സംഗമത്തില്‍ സജീവമായി. ചെഷയര്‍ വില്ലേജ് ഹോമിന്റെ തണലില്‍ പാട്ടുകള്‍ പാടിയും തമാശകള്‍ പങ്കുവെച്ചും കലാപരിപാടികള്‍ ആസ്വദിച്ചും പരസ്പരം ആത്മവിശ്വാസം പകര്‍ന്നും  ഒരുമിച്ചു ഭക്ഷണം കഴിച്ചുമാണ് അവര്‍ സന്തോഷം പങ്കുവെച്ചത്.

date