ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചയാളെ തടഞ്ഞു നിര്‍ത്തി കാലന്‍!
ഹെല്‍മെറ്റ് ധരിക്കാതെ വന്ന ഇരുചക്രവാഹനക്കാരന്റെ കഴുത്തില്‍ കാലന്‍ വന്ന് കുരുക്കിട്ടപ്പോള്‍ ആളൊന്ന് ഞെട്ടി. കറുത്ത വസ്ത്രവും കൊമ്പും കൈയില്‍ ചുവന്ന കയറും ഗദയും. കണ്ടാല്‍ സാക്ഷാല്‍ കാലന്‍ തന്നെ. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റുമില്ലാതെ അശ്രദ്ധമായി വണ്ടിയോടിച്ചാല്‍ ഞാന്‍ പിറകെത്തന്നെയുണ്ടാകുമെന്ന് കാലന്റെ മുന്നറിയിപ്പ്. കാലന്റെ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ പിന്നെയും തുടര്‍ന്നു. ഒന്നും മനസിലാകാതെ നിന്ന ബൈക്ക് യാത്രികന്റെ അടുത്തേക്ക് പതിയെ ജില്ലാ കലക്ടര്‍ ടി വി സുഭാഷും പോലീസും എത്തിയപ്പോഴാണ് കാര്യം പിടികിട്ടിയത്. ദേശീയ റോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'കാലന്റെ യാത്ര' ബോധവല്‍ക്കരണ പരിപരിപാടിയിലായിരുന്നു രസകരവും അതേ സമയം ഗൗരവമുള്ളതുമായ സംഭവങ്ങള്‍ അരങ്ങേറിയത്. നിയമങ്ങള്‍ പാലിക്കുന്ന യാത്രക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി അവരെ അഭിനന്ദിക്കാനും കാലന്‍ മറന്നില്ല.
റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെയുള്ള യാത്ര മരണം വരുത്തിവെക്കുമെന്ന സന്ദേശമാണ് 'കാലന്റെ യാത്ര'യിലൂടെ നല്‍കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. നിയമലംഘനം നടത്തുന്നവരെ പിടികൂടി ബോധവല്‍ക്കരണം നല്‍കുകയാണ് കാലന്റെ യാത്ര പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പിഴയീടാക്കാതെ ട്രാഫിക് നിയമ ലംഘനങ്ങള്‍ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് യാത്രക്കാരെ ബോധവാന്മാരാക്കുകയാണ് കാലന്റെ യാത്ര. സ്വന്തം ജീവന്‍ പോലെത്തന്നെ റോഡിലുള്ള മറ്റുള്ളവരുടെ ജീവനും പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവുണ്ടാകണമെന്നും പ്രൈമറി ക്ലാസു മുതല്‍ കുട്ടികള്‍ക്ക് റോഡ് സുരക്ഷയെപ്പറ്റി കൃത്യമായ അറിവുകള്‍ നല്‍കി നിയമങ്ങള്‍ പാലിക്കുന്ന യുവതലമുറയെ വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടമരണങ്ങള്‍ കൂടുതല്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ കാലന്റെ രൂപത്തില്‍ വന്ന് നേരിട്ട് നടത്തുന്ന ബോധവല്‍ക്കരണം അപകട തീവ്രതയെ കുറിച്ച് യാത്രക്കാര്‍ക്ക് കൂടുതല്‍ തിരിച്ചറിവ് നല്‍കുമെന്ന് ആര്‍ടിഒ വി വി മധുസൂദനന്‍ പറഞ്ഞു. ജില്ലാ ആര്‍ടിഒ ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില്‍ ജോയിന്റ് ആര്‍ടിഒ ബി സാജു, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments