റോഡ് സുരക്ഷാ വാരാചരണം: ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു സ്‌കുളുകളില്‍ റോഡ് പാര്‍ലിമെന്റ് സംഘടിപ്പിക്കും എം എല്‍ എ
ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി റോഡ് സുരക്ഷാ അതോറിറ്റി നാറ്റ്പാക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മാടായി ബോയ്‌സ് സ്‌കൂളില്‍ ടി വി രാജേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. റോഡ് അപകടങ്ങള്‍ കുറക്കുന്നതിന് വിദ്യാര്‍ഥികളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനായി സ്‌കൂളുകളില്‍ റോഡ് പാര്‍ലിമെന്റ് സംഘടിപ്പിക്കുമെന്ന് എം എല്‍ എ അറിയിച്ചു. മാടായി സ്‌കുളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കെ എസ് ടി പി റോഡിനെക്കുറിച്ചും പൊതുവില്‍ റോഡ് അപകടങ്ങള്‍ കുറക്കുന്നതിനെക്കുറിച്ചും അന്വേഷണം നടത്തി ഒരു പ്രബന്ധം തയ്യാറാക്കണം.ഈ പ്രബന്ധം നാറ്റ്പാക്കിനു കൈമാറി ഗുണപരമായ മാറ്റങ്ങള്‍ വരുത്താമെന്നും എം എല്‍ എ പറഞ്ഞു. ഫെബ്രുവരി മാസത്തോടെ കെ എസ് ടി പി റോഡിലെ അപകട രഹിത ഇടനാഴി യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പാള്‍ പി കെ ജയശ്രീ അധ്യക്ഷയായി. റോഡില്‍ പാലിക്കേണ്ട നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി ശ്രീനിവാസനും റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തെ കുറിച്ച് എസ് സി പി ഒ തിരുവനന്തപുരം പി പ്രവീണും അപകടങ്ങളും പരിചരണവും എന്ന വിഷയത്തില്‍ പ്രിന്‍സിപ്പാള്‍ സയന്റിസ്റ്റ് എസ് ഷഹീമും ക്ളാസ്സുകളെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കണ്ണൂര്‍ പി ശ്രീനിവാസന്‍, പഴയങ്ങാടി പൊലീസ് എസ് ഐ കെ ഷാജു നാറ്റ്പാക് പ്രിന്‍സിപ്പാള്‍ സയന്റിസ്റ്റ് എസ് ഷഹീം, നാറ്റ്പാക് സയന്റിസ്റ്റ് ശരണ്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments