പയ്യന്നൂര്‍ നഗരസഭ ലൈഫ് കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു
ഭവന രഹിതരില്ലാത്ത പയ്യന്നൂരെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പയ്യന്നൂര്‍ നഗരസഭ നടപ്പിലാക്കി വരുന്ന പി എം എ വൈ/ ലൈഫ് പദ്ധതിയുടെ ഭാഗമായി പയ്യന്നൂര്‍ നഗരസഭ ലൈഫ് മിഷന്‍ വഴി ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും നടന്നു. ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സി കൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ പാതിവഴിയിലായ 31 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. സ്വന്തമായി ഭൂമിയുളള ഭവന രഹിതര്‍ക്കു വീട് നിര്‍മ്മിച്ച് നല്‍കുന്ന രണ്ടാംഘട്ടത്തില്‍ നഗരസഭയില്‍ ഇതിനകം 400 വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കിയത്. 193 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇതിന് പുറമെ 75 ഓളം വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കാനുളള നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു. മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവന രഹിതര്‍ക്കായി കോറോം വില്ലേജില്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനുളള നടപടികളും പുരോഗമിക്കുകയാണ്.
28 കോടി രൂപയാണ് ഭവന നിര്‍മ്മാണ പദ്ധതിക്കായി ചെലവഴിക്കുന്നത്. കവ്വായിയില്‍ ഒരു വാര്‍ഡില്‍ മാത്രം 40 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. സംസ്ഥാനത്തെ നഗരസഭകളില്‍ കൂടുതല്‍ വീടുകളുടെ നിര്‍മ്മാണം ഏറ്റെടുത്ത നഗരസഭകളിലൊന്നാണ് പയ്യന്നൂര്‍.
അദാലത്തില്‍ കുടുംബശ്രീ, അക്ഷയ കേന്ദ്രം, ഫിഷറീസ്, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസനം, വ്യവസായം, സാമൂഹ്യനീതി, ക്ഷീര വികസനം, വനിത ശിശു വികസനം, റവന്യൂ, ശുചിത്വ മിഷന്‍, അയ്യങ്കാളി തൊഴിലുറപ്പ് തുടങ്ങി ഏകദേശം 18 ഓളം വകുപ്പുകളുടെ സേവനം ലഭ്യമാക്കിയിരുന്നു.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭ അധ്യക്ഷന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായി. വീട് നിര്‍മ്മാണത്തില്‍ സഹായം നല്‍കിയ കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന് എം എല്‍ എ ഉപഹാരം നല്‍കി. നഗരസഭ ഉപാധ്യക്ഷ കെ പി ജ്യോതി, നൈമി തോമസ്, നഗരസഭ സെക്രട്ടറി കെ ആര്‍ അജി, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ജനപ്രതിനികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments