Skip to main content

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ക്ക് ജില്ലയില്‍ തുടക്കമായി

 

വോട്ടര്‍പട്ടിക പുതുക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്ന നടപടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥരുടെയും യോഗം മലപ്പുറത്ത് ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. 2015ലെ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക ആധാരമാക്കിയാണ് പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതും ഒഴിവാക്കുന്നതുമായ നടപടികള്‍ പുരോഗമിക്കുന്നത്. വോട്ടര്‍പട്ടിക പുതുക്കല്‍ സുതാര്യമായി നടപ്പാക്കന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
ഫെബ്രുവരി 28ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും ചട്ടങ്ങളും ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നടപടി ക്രമങ്ങളിലെ പ്രശ്നങ്ങളും കൃത്യ സമയത്തു പട്ടിക ലഭിക്കാത്ത വിഷയങ്ങളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ ഉന്നയിച്ചു. പട്ടിക സംബന്ധിച്ച പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുമെന്നും നടപടിക്രമങ്ങള്‍ സുതാര്യമാവുമെന്നും ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കി. പട്ടികയില്‍ പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിനും തിരുത്തലുകള്‍ക്കും ഫെബ്രുവരി 14 വരെ സമയം നല്‍കി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി. പ്രസന്നകുമാരി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
നടപടിക്രമങ്ങള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കുന്നതിനു ഉദ്യോഗസ്ഥതലത്തിലുള്ള പരിശീലനം ജില്ലയില്‍ തുടരുകയാണ്. രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ക്ലാര്‍ക്ക്മാര്‍ തുടങ്ങിയവര്‍ക്കായി നാലു ദിവസത്തെ പരിശീലനം മലപ്പുറം കലക്ടറേറ്റിലാണ് നടക്കുന്നത്.
 

date