പ്ലാസ്റ്റിക് നിരോധനം ; ബോധവത്ക്കരണവുമായി പൊന്നാനിയില്‍ സ്റ്റുഡന്റ് ഇക്കോ പൊലീസ്
പ്ലാസ്റ്റിക് നിരോധനത്തിന്റെ ആവശ്യകതയും സന്ദേശവും പൊതുജനങ്ങളി ലെത്തിക്കാന്‍ കര്‍മ്മ പരിപാടികളുമായി പൊന്നാനി നഗരസഭ. നഗരസഭയിലെ സ്റ്റുഡന്റ് ഇക്കോ പൊലീസിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റികിനെതിരെ ബോധവല്‍ക്കരണ സന്ദേശയാത്ര നടത്തുകയും ബദല്‍ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു.
ജനുവരി ഒന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധിച്ച സാഹചര്യത്തിലാണ് വ്യാപാരികളെയും പൊതുജനങ്ങളെയും ബോധവത്ക്കരിക്കാന്‍ നഗരസഭയുടെ വിദ്യാര്‍ത്ഥി സേനയായ സ്റ്റുഡന്റ് ഇക്കോ പൊലീസ് രംഗത്ത് ഇറങ്ങിയത്.
പൊന്നാനി നഗരസഭ പരിധിയിലെ വിദ്യാലയങ്ങളുടെയും വ്യാപാരി വ്യവസായ സംഘടനകളുടെയും സഹകരണത്തോടെയാണ് നഗരസഭ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. നഗരസഭ പരിധിയിലെ ഒമ്പത് സ്‌കൂളുകളില്‍ നിന്നായി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നും അഞ്ഞൂറോളം വളന്റിയേഴ്‌സാണ് പങ്കെടുത്തത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും പ്ലകാര്‍ഡുകളുമായി സ്റ്റുഡന്റ് ഇക്കോ പൊലീസ് എത്തി. വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ലഭ്യമല്ലെന്ന സ്റ്റിക്കറുകള്‍ പതിക്കുകയും നിരോധന നോട്ടീസുകള്‍ വിതരണം ചെയ്യുകയും ചെയ്തു. അങ്ങാടികളില്‍ പ്ലാസ്റ്റിക് സഞ്ചിയുമായി വന്ന പൊതുജനങ്ങള്‍ക്ക് ബദലായി തുണി സഞ്ചി നല്‍കി. പൊന്നാനിയിലെ തയ്യല്‍ തൊഴിലാളികളുടെ സഹകരണത്തോടെ നഗരസഭ തയ്യാറാക്കിയ തുണി സഞ്ചികളാണ് വിതരണം ചെയ്തത്.
- Log in to post comments