Skip to main content
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ക്കുള്ള കമ്പ്യൂട്ടര്‍ വിതരണോദ്ഘാടനം കോട്ടായി ഹൈസ്‌കൂളിന് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിക്കുന്നു.

ജില്ലാ പഞ്ചായത്ത് സ്‌കൂളുകള്‍ക്ക് 338 കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു.

 

ജില്ലാ പഞ്ചായത്തിന്റ നേതൃത്വത്തില്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന തിരഞ്ഞെടുത്ത 20 ഹൈസ്‌കൂള്‍, 20 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവയ്ക്കായി  338 ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നടന്ന വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു.

കമ്പ്യൂട്ടര്‍ പരിജ്ഞാനവും വിദ്യാഭ്യാസ ഗുണനിലവാരവും മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവില്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ടു കോടി രൂപ സ്‌കൂളുകളിലെ ഫര്‍ണിച്ചര്‍ ലഭ്യമാക്കുന്നതിനായും 60 ലക്ഷം ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളുടെ ഫര്‍ണിച്ചര്‍ വാങ്ങുന്നതിനും, 88 ലക്ഷം പട്ടികവര്‍ഗ മേഖലയിലെ വിദ്യാര്‍ഥികളുടെ പ്രഭാത ഭക്ഷണത്തിനായി മാറ്റിവച്ചിരുന്നത് വര്‍ധിപ്പിച്ച്  ഒരുകോടി ഒമ്പത് ലക്ഷമായി വര്‍ദ്ധിപ്പിച്ചു.

കരാട്ടെ പരിശീലനത്തിനായി തിരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് രണ്ട് ലക്ഷം രൂപയും ജൈവവൈവിധ്യ പാര്‍ക്ക്, സ്‌കൂളില്‍ പുതിയ ക്ലാസ് മുറികള്‍, ചുറ്റുമതിലുകള്‍ നിര്‍മ്മിക്കുക എന്നിവയ്ക്കായും ജില്ലാ  പഞ്ചായത്ത് ഫണ്ടുകള്‍ നല്‍കുന്നുണ്ട്. കൂടാതെ  കലാ - കായിക - ശാസ്ത്ര മേഖലകളില്‍ വിജയം നേടുന്ന വിദ്യാര്‍ഥികളെയും കഴിഞ്ഞ 10 വര്‍ഷമായിജില്ലാ പഞ്ചായത്ത് അനുമോദിക്കുന്നു. മറ്റു മേഖലകള്‍ക്കൊപ്പം വിദ്യാഭ്യാസരംഗത്തും ജില്ലയിലെ കുട്ടികള്‍ മികച്ചവരായി വളരേണ്ടത് അനിവാര്യമാണെന്നും ഇതിനായി പൂര്‍ണ പിന്തുണ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉണ്ടാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് പരിപാടിയില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. രാജന്‍, എം .രാജന്‍,  മീനാകുമാരി , ലീല മാധവന്‍, സി.കെ. രജനി, ദേവി, അച്യുതന്‍, ശ്രീജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ജി.ഷണ്മുഖന്‍, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് ഗുരുവായൂരപ്പന്‍, ഡി.ഡി.ഇ. പി. കൃഷ്ണന്‍ , അധ്യാപകര്‍ , പി.ടി.എ. ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date