സിഗ്നല്‍ ബോര്‍ഡുകള്‍ വൃത്തിയാക്കി പട്ടാമ്പിയില്‍ റോഡ് സുരക്ഷാ വാരാചരണം
റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് പട്ടാമ്പി സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ട്രോമാ കെയര്‍ യൂണിറ്റിന്റെ സഹകരണത്തോടെ സിഗ്നല്‍ ബോര്‍ഡുകള്‍ വൃത്തിയാക്കി. പട്ടാമ്പി മുതല്‍ പുലാമന്തോള്‍ വരെ റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള 66 സിഗ്നല്‍ ബോര്‍ഡുകളാണ് യാത്രക്കാര്‍ക്ക് കാണാന്‍ കഴിയുന്ന തരത്തില്‍ സജ്ജീകരിച്ചത്.
ശങ്കരമംഗലം റോഡില്‍ സ്ഥാപിച്ച ദിശാ ബോര്‍ഡ് വൃത്തിയാക്കല്‍ പ്രവൃത്തിയുടെ ഉദ്ഘാടനം മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഇത്തരം പരിപാടികള്‍ നിലവാരമുള്ള ഗതാഗത സംസ്‌കാരം സൃഷ്ടിക്കാന്‍ ഉതകുന്നതാണെന്നും വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറയ്ക്കാനായി യുവതലമുറ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.
ട്രോമാകെയര്‍ ജില്ലാ കോഡിനേറ്റര്‍ ഷമീര്‍ പട്ടാമ്പി ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, ട്രോമാകെയര്‍ അംഗങ്ങള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പട്ടാമ്പി ജോയിന്റ് ആര്‍.ടി.ഒ സി.യു.മുജീബ് അധ്യക്ഷനായ പരിപാടിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഡോ.ജോണ്‍സണ്‍, ട്രോമാകെയര്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ മിനി പട്ടാമ്പി എന്നിവര്‍ സംസാരിച്ചു.
- Log in to post comments