'പാഠം ഒന്ന് പാടത്തേക്ക്': നൂറുമേനി വിളവുമായി വാടാനാംകുറുശ്ശി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍
വിദ്യാഭ്യാസ വകുപ്പും കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതിലൂടെ നൂറുമേനി വിളയിച്ച് മാതൃകയാവുകയാണ് വാടാനാംകുറുശ്ശി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍. പാട്ടത്തിനെടുത്ത ഒന്നര ഏക്കര്‍ സ്ഥലത്താണ് വിദ്യാര്‍ഥികള്‍ നൂറുമേനി വിളയിച്ചത്. സ്‌കൂളിലെ നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ജൈവ നെല്‍കൃഷി ആരംഭിച്ചത്. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുഖേന നെല്‍വിത്ത് ലഭ്യമാക്കുകയും തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ഒത്തുചേര്‍ന്ന് നടത്തിയ കൃഷി വിജയകരമായതോടെ കൊയ്ത്തുപാട്ടിന് താളം ഉയര്‍ന്നു.
മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍ അധ്യക്ഷനായി. കൊയ്ത്ത് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് നെല്ല് അരിയാക്കി വിപണിയില്‍ എത്തിക്കുമെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി വിജയന്‍, പി.ടി.എ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments