Skip to main content

ജില്ലാതല പട്ടയമേള: സംഘാടകസമിതി രൂപീകരിച്ചു

ജില്ലയിലെ പട്ടയമേള ജനുവരി 24 ന് കട്ടപ്പനയില്‍ സംഘടിപ്പിക്കുന്നതിനു മുന്നോടിയായി വിപുലമായ  സംഘാടകസമിതി രൂപീകരിച്ചു.  മുഖ്യ രക്ഷാധികാരിയായി വൈദുതി വകുപ്പ് മന്ത്രി എം.എം മണിയും റോഷി അഗസ്റ്റിന്‍ എം.എല്‍.എ ചെയര്‍മാനും രക്ഷാധികാരികളായി അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാരായ പി.ജെ.ജോസഫ്,  ഇ.എസ് ബിജിമോള്‍, എസ്.രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, കട്ടപ്പന നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി എന്നിവരും   ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍  ജനറല്‍ കണ്‍വീനറുമായാണ്  സ്വാഗത സംഘം രൂപീകരിച്ചത്.  എ ഡി എം.ആന്റണി സ്‌കറിയ, ആര്‍ ഡി ഒ അതുല്‍ സ്വാമിനാഥ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരാണ് .

കട്ടപ്പന നഗരസഭാ ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ യോഗത്തില്‍  പട്ടയമേളയുടെ സുഗമമായ നടത്തിപ്പിന് വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.  സബ് കമ്മറ്റി ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും  സി വി.വര്‍ഗീസ്,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (പബ്ലിസിറ്റി), ജോയി വെട്ടിക്കുഴി, ഫിനാന്‍സ് ഓഫീസര്‍ (ഫിനാന്‍സ് കമ്മറ്റി ), മാത്യു വര്‍ഗീസ്, ഇടുക്കി തഹസീല്‍ദാര്‍ (റിസപ്ഷന്‍ ), മനോജ് മുരളി, റ്റി എസ് ഒ ഇടുക്കി (ഫുഡ് കമ്മറ്റി ), വി.ആര്‍ സജി, ആര്‍.റ്റി.ഒ ഇടുക്കി ( ട്രാന്‍സ്‌പോര്‍ട്ടേഷന്‍), വി.ആര്‍ ശശി, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ഇടുക്കി (പൊതുക്രമീകരണം ).

കട്ടപ്പന സെന്റ് ജോര്‍ജ്ജ് പാരിഷ്ഹാള്‍ ഓഡിറ്റേറിയത്തില്‍ ജനുവരി 24 ന് രാവിലെ 10.30 ന് നടക്കുന്ന യോഗത്തില്‍  റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പട്ടയമേള ഉദ്ഘാടനം ചെയ്യും. വൈദുതി വകുപ്പ് മന്ത്രി എം.എം മണി  അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണവും റോഷി അഗസ്റ്റിന്‍ എം എല്‍.എ  സ്വാഗതവും  പറയും. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, ജില്ലയിലെ എംഎല്‍എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലയിലെ 11 എല്‍.എ ഓഫീസുകളില്‍ നിന്നായി 8000 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുന്നത്. കോളനികള്‍ കേന്ദ്രീകരിച്ചുള്ള പട്ടയങ്ങളാണ് ഇത്തവണ കൂടുതലായും വിതരണം ചെയ്യുന്നത്. പട്ടയത്തിനൊപ്പം വസ്തുവിന്റെ സ്‌കെച്ചും പ്ലാനും കൂടി വിതരണം ചെയ്യുന്നുവെന്നതാണ് ഇത്തവണത്തെ പട്ടയമേളയുടെ പ്രത്യേകത.

സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍, ആര്‍ ഡി.ഒ അതുല്‍ സ്വാമിനാഥ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ സാബു.പി.ഐസക്, ഇടുക്കി തഹസീല്‍ദാര്‍ വിന്‍സന്റ് ജോസഫ്,  വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ലൂസി ജോയി, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date