ഗദ്ദിക 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പട്ടിക വിഭാഗങ്ങളുടെ തനത് കലകളും പൈതൃകോത്പന്നങ്ങളും സംഗമിക്കുന്ന ഗദ്ദിക-2020 മേളയുടെ ഉദ്ഘാടനം ജനുവരി 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. 10 ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശന വിപണന മേള ചരിത്രവിജയമാക്കി മാറ്റണമെന്ന് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗക്ഷേമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ വൈകിട്ട് 3നാണ് പരിപാടി. തുറമുഖ-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മേളയിലെ വിപണനോദ്ഘാടനം നിര്‍വ്വഹിക്കും.
പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പുകളും കിര്‍ത്താഡ്‌സും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഗദ്ദിക സംഘടിപ്പിക്കുന്നത്.
ജനുവരി 27 മുതല്‍ ഫെബ്രുവരി 5 വരെ കലക്ടറേറ്റ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന മേള പരമ്പരാഗത തൊഴില്‍ ഉല്‍പന്നങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുമുള്ള വേദിയാണ്. അന്യം നിന്നു പോകുന്ന തനത് കലാരൂപങ്ങളെയും ഗോത്രവര്‍ഗ്ഗ പൈതൃകത്തെയും പരിപോഷിപ്പിക്കുന്നതിനും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും ലക്ഷ്യമാക്കി പൂര്‍ണ്ണമായും സര്‍ക്കാര്‍ ചെലവിലാണ് മേള പ്രവര്‍ത്തിക്കുക. മേളയില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവന്‍ സംരംഭകര്‍ക്ക് ലഭിക്കും. സ്റ്റാളില്‍ നില്‍ക്കുന്നവര്‍ക്കുള്ള ഭക്ഷണം-താമസ സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കും.
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ തനത് ഉല്പന്നങ്ങളും, വകുപ്പുകളുടെ സഹായത്തോടെ അവര്‍ നടത്തി വരുന്ന ചെറുകിട സംരംഭങ്ങളുടെ ഉല്പന്നങ്ങളും, സ്വയം സംരംഭങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങളും മേളയിലെ മുഖ്യ ആകര്‍ഷണമാകും. പരമ്പരാഗത ആദിവാസി ഭക്ഷണം, ആദിവാസി വൈദ്യം, സംഗീതോപകരണങ്ങള്‍ എന്നിവ നേരിട്ട് അനുഭവിച്ച് അറിയുവാനുള്ള മ്യൂസിയവും ഗദ്ദികയില്‍ ഒരുക്കും. പൊതുവിപണിയില്‍ സാധാരണ ലഭ്യമാകാത്ത ശുദ്ധമായ തനത് ഉല്പന്നങ്ങളും വനവിഭവങ്ങളുമാണ് മേളയില്‍ ഒരുക്കുക.
പട്ടികജാതി വിഭാഗത്തിന്റെ 60 ഉം പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ 20 സ്റ്റാളുകളുമായി ആകെ 80 സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചിമ്മാനക്കളി, പളിയ നൃത്തം, കേത്രാട്ടം, ദവിലാട്ടം തുടങ്ങിയ കലാപരിപാടികള്‍ കാഴ്ചക്കാര്‍ക്ക് മികച്ച ദൃശ്യാനുഭവം പകരും. ഓരോ വര്‍ഷവും രണ്ട് ഗദ്ദികളാണ് വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എട്ടാമത്തെ ഗദ്ദികയാണിത്.
വാര്‍ത്താസമ്മേളനത്തില്‍ തുറമുഖ-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, പട്ടികജാതി ചീഫ് പബ്ലിസിറ്റ്ി ഓഫീസര്‍ എസ് എന്‍ നന്ദകുമാര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ കെ ഷാജു എന്നിവര്‍ പങ്കെടുത്തു.
- Log in to post comments