Skip to main content

ദേശീയ സമ്മതിദായക ദിനം:  ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു 

 

    ദേശീയ സമ്മതിദായക ദിനത്തില്‍ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലാ-താലൂക്ക് തലത്തിലും പോളിങ് ബൂത്ത് ലൊക്കേനുകളിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാതല പരിപാടികള്‍ മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ജില്ലാകലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്തു. 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരെയും ജനാധിപത്യ പ്രക്രിയയായ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കാനും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാവര്‍ഷവും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. 
    സമ്മതിദായക ദിനത്തോടനുബന്ധിച്ച് നടത്തിയ കത്തെഴുത്ത് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനവും കലക്ടര്‍ നിര്‍വഹിച്ചു. എ.ഡി.എം ഇന്‍ ചാര്‍ജ് ഒ.ഹംസ ചടങ്ങില്‍ അധ്യക്ഷനായി. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നടപ്പാക്കിയ ഇലക്ഷന്‍ വേരിഫിക്കേഷന്‍ പ്രോഗ്രാമില്‍ നൂറ് ശതമാനം പൂര്‍ത്തീകരിച്ച ബി.എല്‍.ഒമാരെ ഡെപൂട്ടി കലക്ടര്‍മാരായ ഒ. ഹംസ, പി.പ്രസന്നകുമാരി തുടങ്ങിയവര്‍ ചേര്‍ന്ന് ആദരിച്ചു. 
    സാമൂഹ്യ പ്രവര്‍ത്തകയും ഇലക്ഷന്‍ കമ്മീഷന്‍ സ്വീപ് യൂത്ത് ഐക്കണ്‍ സി.എച്ച് കുമാരി മാരിയത്ത് സമ്മതിദായക ദിന പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി. പരിപാടിയില്‍ തിരൂര്‍ ആര്‍.ഡി.ഒ പി.എ അബ്ദുസമ്മദ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. 
    ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകൃതമായ ജനുവരി 25നാണ് എല്ലാവര്‍ഷവും സമ്മതിദായകരുടെ ദേശീയ ദിനമായി ആചരിക്കുന്നത്. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ വിഷയം.
 

date