മൂന്നാറില്‍ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിച്ച് ജില്ലാ വികസന സമിതി
മൂന്നാറില്‍ വിനോദ സഞ്ചാര സീസണുകളില്‍ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന എസ് രാജേന്ദ്രന് എംഎല്‍എ കഴിഞ്ഞ വികസന സമിതിയില്‍ ഉന്നയിച്ച പ്രശ്നത്തിന് അടിയന്തര നടപടി സ്വീകരിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. തിരക്കുള്ള സമയങ്ങളില്‍ മൂന്നാര്‍ ടൗണിലെ ട്രാഫിക് നിയന്ത്രിക്കുന്നതിനായി ഇരുപതോളം പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചതായും, മൂന്നാര്‍ ട്രാഫിക് യൂണിറ്റും, പിങ്ക് പട്രോള്‍ എന്നിവര്‍ പട്രോളിംഗ് നടത്തുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. 108 ആംബുലന്‍സ് സേവനം 24 മണിക്കൂറും ശരിയായ രീതിയില്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ വികസന സമിതിയില്‍ ആവശ്യപ്പെട്ടു.
ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ മൂന്നാര്‍ മേഖലകളില്‍ നിയന്ത്രണം ഉണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കെട്ടിട നിര്‍മ്മാണത്തിന് അനുവാദം കൊടുക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും എംഎല്‍എ പറഞ്ഞു. മൂന്നാര്‍- ഉടുമല്‍പേട്ട അന്ത:സംസ്ഥാന പാത വനം വകുപ്പ് രാത്രകാലങ്ങളില്‍ അടച്ചിടുന്നതിനെ എംഎല്‍എ വിമര്‍ശിച്ചു. പുതിയ നിര്‍ദേശങ്ങള്‍ ഒന്നും ഇല്ലാതെ ഉദ്യോഗസ്ഥര്‍ സ്വയം നിയമം ഉണ്ടാക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യാതൊരു മുന്നറിയിപ്പും നല്‍കാതെ ഉടുമല്‍പേട്ടയില്‍ നിന്ന് എത്തിയ രാത്രി വാഹനങ്ങള്‍ തടഞ്ഞതിനെയും എംഎല്‍എ അപലപിച്ചു.
ജില്ലാ പട്ടയമേളയുടെ വിജയത്തില്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേകന്റെയും ഉദ്യോസ്ഥരുടെയും പ്രയ്ത്നങ്ങളെ അഭിനന്ദിച്ച എം.പി ഡീന്‍ കുര്യാക്കോസ് വാഴത്തോപ്പ്, കഞ്ഞിക്കുഴി മേഖലയില്‍ കൂടി പട്ടയം നല്‍കാനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്നും ജില്ലാ വികസന സമിതിയില്‍ ആവശ്യപ്പെട്ടു. മച്ചിപ്ലാവ് ലൈഫ് ഫ്ളാറ്റിലെ മാലിന്യ പ്രശ്നത്തെക്കുറിച്ച് ജനുവരി 31 അടിമാലിയില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരുമെന്ന് ലൈഫ് മിഷന് കോ-ഓര്‍ഡിനേറ്റര്‍ എം പി യ്ക്ക് മുറുപടി നല്കി. സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സം വരുന്ന വിധത്തില്‍ നടപ്പാത ഉയര്‍ത്തി പണിയരുതെന്ന് പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദ്ദേശിക്കണമെന്ന് ജില്ലാ വികസന സമിതിയില്‍ റോഷി അഗസ്ററിന് എം.എല്‍.എ ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗത്തില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്, എം.പി ഡീന്‍ കുര്യാക്കോസ്, എംഎല്‍എമാരായ എസ്. രാജേന്ദ്രന്, റോഷി അഗസ്റ്റിന്, ജില്ലാപ്ലാനിംഗ് ഓഫീസര്‍ കെ.കെ ഷീല, ജില്ലാ പോലീസ് മേധാവി പി.കെ മധു, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് എസ്.ടി അഗസ്റ്റിന്, എ വിവിധ വകുപ്പ് ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments