Skip to main content

കെഎഎസ് പരീക്ഷാനടത്തിപ്പ് - സൂപ്രണ്ടുമാര്‍ക്ക് പരിശീലന ക്ലാസ്

 

 കൊച്ചി - കേരള അഡ്മിനിസ്ട്രേറ്റീവ്  സർവീസ് ഓഫീസർ (കെ.എ.എസ്) തസ്തികയിലേക്ക് 22-02-2020 ന് നടക്കുന്ന പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ കേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാർക്ക്  എറണാകുളം മേഖലാ പി എസ് സി ഓഫീസിൽ  പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം അഡ്വ. എം. കെ. രഘുനാഥൻ അധ്യക്ഷത വഹിച്ചു.  അനുദിനം മാറുന്ന സാങ്കേതികവിദ്യകളുള്ള ഇക്കാലത്തും പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ഏതുതരത്തിലുമുള്ള വെല്ലുവിളികളും നേരിടാൻ പി എസ് സി സജ്ജമാണെന്നും ഇക്കാര്യത്തിൽ കേരള പിഎസ്‌സി ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നേരത്തെ  ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ പി എസ് സി ജീവനക്കാർക്ക് ജനുവരി 27 ന് ജില്ലാ പോലീസ് സൈബർ സെല്ലിന്റെ ആഭിമുഖ്യത്തിൽ അവബോധന ക്ലാസ്സ് നടത്തിയിരുന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള  മിന്നൽ സ്ക്വാഡുകളുടെ കർശന നിരീക്ഷണത്തിലാണ്  കെ.എ.എസ് പരീക്ഷ നടത്തുവാൻ കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്. പരിശീലന പരിപാടിയിൽ പി.എസ്‌.സി എറണാകുളം മേഖല ഓഫീസർ എൻ ബാലചന്ദ്രൻ പിള്ള, ഹയർ സെക്കണ്ടറിവിഭാഗം  ഉപമേധാവി കെ. ശകുന്തള, ജില്ലാ വിദ്യാഭ്യാസ വകുപ്പ്  അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്  ടോണി ജോൺസൺ,  കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവി ഡോ. കെ. എസ്. മായ, ജില്ലാ പി.എസ്‌.സി ഓഫീസർ ഇൻ ചാർജ്ജ് എം ടി ബേബി എന്നിവർ സംസാരിച്ചു. പരീക്ഷാവിഭാഗം സെക്ഷൻ ഓഫീസർ സി.എ. പീറ്റർ ഷാജി ക്ലാസ്സുകൾ നയിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകൾ, കോളേജുകൾ എന്നിവയെ പ്രതിനിധീകരിച്ചുകൊണ്ട് ഇരുന്നൂറോളം ചീഫ് സൂപ്രണ്ടുമാർ പരിപാടിയിൽ പങ്കെടുത്തു 

 

date