ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് കെ ഐ പി കനാല്‍ പുറമ്പോക്ക് അളക്കണമെന്ന് ആവശ്യം
കുന്നത്തൂര്‍ കരുനാഗപ്പള്ളി താലൂക്കുകളിലെ കെ ഐ പി കനാല്‍ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ കുന്നത്തൂര്‍ താലൂക്ക് ഓഫീസില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ ആവശ്യമുയര്‍ന്നു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് അംഗം എസ് ദിലീപ്കുമാര്‍ നല്‍കിയ പരാതിയില്‍ അനധികൃത കൈയ്യേറ്റങ്ങള്‍ പരിശോധിക്കണമെന്നും കനാലിന്റെ പാര്‍ശ്വഭിത്തികളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിന് അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.
കെ പി കനാല്‍ പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കനാല്‍ പാര്‍ശ്വ ഭിത്തിയിലെ അറ്റകുറ്റപ്പണികള്‍ക്കായി റീച്ച് തിരിച്ച് എസ്റ്റിമേറ്റ് എടുക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യുടെ സാന്നിധ്യത്തില്‍ നടന്ന പരാതിപരിഹാര അദാലത്തില്‍ 107 പരാതികള്‍ പരിഗണിച്ചു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 47 പരാതികളാണ് ലഭിച്ചത്. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തല്‍, സഹകരണ ബാങ്ക് വായ്പ, ജല അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ എത്തിയിരുന്നു.
ഡെപ്യൂട്ടി കലക്ടര്‍മാരായ ശോഭ , ബീന റാണി, എല്‍ ആര്‍ തഹസില്‍ദാര്‍ നസീര്‍ ഖാന്‍, കുന്നത്തൂര്‍ തഹസില്‍ദാര്‍ ജി കെ പ്രദീപ്, ശാസ്താംകോട്ട ബി ഡി ഒ അനില്‍കുമാര്‍, താലൂക്ക്-പഞ്ചായത്തുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments