വ്യവസായ സംരംഭങ്ങള്‍ക്ക് സഹായകമായി ഏകജാലക അനുമതി
ജില്ലയിലെ വ്യവസായരംഗത്ത് പുതുസംരംഭങ്ങള്‍ ഏകജാലക സംവിധാനത്തിലൂടെ പ്രവര്‍ത്തനാനുമതി നേടുന്നു. ജില്ലാ വ്യവസായ ഏകജാലക അനുമതി ബോര്‍ഡ് യോഗത്തില്‍ മൂന്ന് വ്യവസായ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. ആറ് യൂണിറ്റുകള്‍ക്ക് കെട്ടിട നിര്‍മാണ അനുമതി നല്‍കാനും ജില്ലാ കലക്ടര്‍ അധ്യക്ഷനായ യോഗത്തില്‍ തീരുമാനമായി. ദീര്‍ഘനാളായി പരാതികള്‍ മൂലവും ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതികള്‍ ലഭ്യമാകാതെ കിടന്നതുമായ 25 വ്യവസായ യൂണിറ്റുകളുടെ അപേക്ഷകളാണ് പരിഗണിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ കേരള എം എസ് എം ഇ ഫെസിലിറ്റേഷന്‍ നിയമം 2019 പ്രകാരം കൈപ്പറ്റ് സാക്ഷ്യപത്രം ലഭ്യമായ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സഹായങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. നിയമ പ്രകാരം നിശ്ചിത സത്യവാങ്മൂലം സമര്‍പ്പിച്ച 10 കോടി രൂപയില്‍ താഴെ നിക്ഷേപമുള്ള റെഡ് കാറ്റഗറിയില്‍പ്പെടാത്ത സംരംഭങ്ങള്‍ക്കും മൂന്ന് വര്‍ഷം വരെ കെ-സ്വിഫ്റ്റ് ഓണ്‍ലൈന്‍ സംവിധാനം മുഖേന അക്‌നോളജ്‌മെന്റ് ലഭ്യമാക്കി പ്രവര്‍ത്തിക്കാവുന്നതാണ്. ജില്ലയില്‍ 31 യൂണിറ്റുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്ത സജ്ജമായിട്ടുണ്ട്.
സംരംഭകര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകള്‍ മുഖേനയോ വ്യവസായ വികസന ഓഫീസര്‍മാര്‍ മുഖേനയോ നോഡല്‍ ഏജന്‍സിയായ ജില്ലാതല ഏകജാലക ബോര്‍ഡിന് അപേക്ഷ സമര്‍പ്പിക്കാം.
ചെറുകിട സംരംഭകര്‍ക്ക് ആവശ്യമായ അനുമതികള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ജില്ലാതലത്തില്‍ രൂപീകരിച്ചിട്ടുള്ള സംവിധാനമാണ് വ്യവസായ ഏകജാലക അനുമതി ബോര്‍ഡ്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ബോര്‍ഡിന്റെ കണ്‍വീനര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരാണ്.
- Log in to post comments