Skip to main content

ആന്റി ഹ്യൂമണ്‍ ട്രാഫിക്കിങ് യൂണിറ്റ് ആരംഭിച്ചു

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും സേഫ് കൊല്ലത്തിന്റെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ശരണബാല്യം പദ്ധതിയുടെ ഭാഗമായി  കൊല്ലം ശ്രീനാരായണ കോളേജില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് ക്ലബ്ബ് രൂപീകരിച്ചു. ജില്ലാ കലക്ടര്‍  ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന് കലക്ടര്‍ പറഞ്ഞു. സൗഹൃദ സംഭാഷണങ്ങളും സ്‌നേഹവുമാണ് കുടുംബത്തില്‍ ഇഴയടുപ്പം സൃഷ്ടിക്കുന്നത്. ഇത് ഇല്ലാതാകുമ്പോഴാണ് കുട്ടികള്‍ പലപ്പോഴും വഴിതെറ്റി പോകുന്നത്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരുതലമുറയെ സൃഷ്ടിക്കാന്‍ സംഘടനകള്‍ക്ക് കഴിയണമെന്ന് കലക്ടര്‍ പറഞ്ഞു.
കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സുജിത് കുമാര്‍  അധ്യക്ഷത വഹിച്ചു. എ സി പി എ.പ്രതീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ജി പ്രസന്നകുമാരി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ കെ പി സജിനാഥ്, വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ ഗീതാകുമാരി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എസ് റിജിത് എന്നിവര്‍ സംസാരിച്ചു.
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ക്ലബ്ബ് രൂപീകരിച്ചത്.

date