കൊട്ടും പാട്ടുമായി പഠനോത്സവം ആഘോഷമാക്കി കുരുന്നുകള്‍
പൂക്കളായും പൂമ്പാറ്റകളായും നിരത്തില്‍ വര്‍ണ്ണങ്ങള്‍ വിതറി കുരുന്നുകള്‍. വള്ളിക്കീഴ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അണിയിച്ചൊരുക്കിയ പഠനോത്സവമാണ് കൗതുകമൊരുക്കിയത്. അക്ഷരവും ആശയവും തിരിച്ചറിവും കോര്‍ത്തിണക്കിയ പഠനോത്സവം മികവിന്റെ പാതയിലേക്ക് കുതിക്കുന്ന പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയുടെ പ്രദര്‍ശന വേദിയാവുകയായിരുന്നു.
കുട്ടികള്‍ തന്നെ ഉദ്ഘാടകരും അവതാരകരുമായ പഠനോത്സവ വേദിയില്‍ ചൂഷണങ്ങള്‍ക്കിരയായി നീറുന്ന പെണ്മനസിന്റെ നേര്‍കാഴ്ചയായി സൂര്യകാന്തി എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം. ലോകം നേരിടുന്ന മാരക വിപത്തുകളായ കൊറോണയും നിപ്പയും കുരുന്നുകളിലൂടെ തങ്ങളുടെ കഥ പറഞ്ഞ് രംഗാവിഷ്‌ക്കാരം നടത്തി.
ഇക്കഴിഞ്ഞ അധ്യയന വര്‍ഷം കുരുന്നുകള്‍ സ്വായത്തമാക്കിയ അറിവുകള്‍ കലാസൃഷ്ടികളായി പൊതുവേദിയില്‍ എത്തിയപ്പോള്‍ നിറഞ്ഞ കയ്യടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്.
പഠനോത്സവത്തോടനുബന്ധിച്ച് ഭാഷാ ഉത്സവം, വിളംബര ഘോഷയാത്ര എന്നിവയും സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ റെനി ആന്റണി, എസ് എസ് എ ജില്ലാ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ബി രാധാകൃഷ്ണപിള്ള, വാര്‍ഡ് കൗണ്‍സിലര്‍ ടിന്റു ബാലന്‍, ബി പി ഒ എ.ജോസഫ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മായ, ഹെഡ്മിസ്ട്രസ് ഡി മണികണ്ഠന്‍പിള്ള പി ടി എ പ്രസിഡന്റ് അജിത് കുരീപ്പുഴ, പ്രോഗ്രാം കണ്‍വീനര്‍ വി ജി ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments