Skip to main content

കുളവെട്ടി മരങ്ങൾ എളവള്ളി ഗ്രാമപഞ്ചായത്തിന്റെ കരുതൽ : മന്ത്രി വി.എസ് സുനിൽകുമാർ

കുളവെട്ടി മരങ്ങൾ എളവള്ളി ഗ്രാമപഞ്ചായത്തിന്റെ കരുതൽ എന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ. എളവള്ളി കണിയാം മുത്തിൽ വെച്ച് നടന്ന കുളവെട്ടി മരങ്ങളുടെ സംരക്ഷണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളെ അതിജീവിക്കാനുള്ള മരമാണ് കുള വെട്ടിമരങ്ങളെന്നും ഇത്തരം വംശനാശ ഭീക്ഷണി നേരിടുന്ന മരങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. തുടർന്ന് 2018- 19 വർഷത്തിൽ സംസ്ഥാനത്ത് മികച്ച പഞ്ചായത്ത് സെക്രട്ടറിയ്ക്കുള്ള അവാർഡ് നേടിയ എളവള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി തോമസ് രാജനെ ആദരിച്ചു.
എളവള്ളി ഗ്രാമപഞ്ചായത്ത് 2019-20 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന സംരക്ഷണ പദ്ധതി വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി മരങ്ങൾക്ക് പുനർജന്മം നൽകി മണ്ണും, ജലവും സംരക്ഷിച്ച് ജലദൗർലഭ്യമില്ലാത്ത ഗ്രാമപഞ്ചായത്താക്കുക എന്നതാണ് ലക്ഷ്യം. ജലം സംഭരിക്കാനും സംരക്ഷിക്കാനും കഴിവുള്ള ഞാവൽ കുടുംബത്തിൽപ്പെട്ട കുളവെട്ടിമരം ഇന്റർനാഷ്ണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്ച്വറലിന്റെ വംശനാശ ഭീക്ഷണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട സസ്യമാണ്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയിട്ടുള്ള പദ്ധതിയ്ക്ക് 35298 രൂപയുടെ അടങ്കൽ തുകയാണ് ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ എവള്ളി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കണിയാംതുരുത്തിലുള്ള 40 സെന്റ് സ്ഥലത്ത് 50 കുളംവെട്ടി മരങ്ങൾ വെച്ച് പിടിപ്പിക്കാനാണ് തീരുമാനം പിന്നീട് മണിച്ചാൽ തോടിന്റെ ഇരുകരകളിലും വെച്ചുപിടിപ്പിക്കും. നട്ട മരങ്ങളുടെ തുടർ പരിപാലനവും സുരക്ഷയുമാണ് പദ്ധതിയിൽ പ്രധാനം.
ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെന്നി ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായി.
എളവള്ളി കൃഷി ഓഫീസർ പ്രശാന്ത് അരവിന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി തോമസ് രാജൻ, എളവള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലീല പരമേശ്വരൻ, കെ എസ് സദാനന്ദൻ, ആലീസ് പോൾ, ആർ സന്തോഷ് എന്നിവർ ആശംസകൾ നേർന്നു.
എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക ടീച്ചർ സ്വാഗതവും എളവള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.കെ. ആൽഫ്രഡ് നന്ദിയും പറഞ്ഞു.

date