Skip to main content

കായകല്‍പ്പ് പുരസ്‌കാരം ഇളമ്പള്ളൂര്‍  കുടുംബാരോഗ്യ  കേന്ദ്രത്തിന്

കായകല്‍പ്പ് ജില്ലാതല പുരസ്‌കാരത്തില്‍ ഇളമ്പള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന് ഒന്നാം സ്ഥാനം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ നിന്നും തിരഞ്ഞെടുത്ത മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് പുരസ്‌കാരം നല്‍കുന്നത്. ജില്ലാ-സംസ്ഥാന വിദഗ്ധരുടെ പരിശോധനകള്‍ക്ക് ശേഷമാണ് മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്നത്.
ആര്‍ദ്രം പദ്ധതിയിലൂടെ  ഇളമ്പള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം ദൈനംദിനം 300 മുതല്‍ 400 രോഗികളെ പരിചരിക്കുന്നുണ്ട്. വളരെ കുറഞ്ഞ കാലയളവുകൊണ്ട് മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കി കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെയാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.
മെഡിക്കല്‍ ഓഫീസര്‍ ഡോ സദക്കത്തുള്ളയുടെ നേതൃത്വത്തില്‍ ജീവനക്കാരുടെ കാര്യക്ഷമമായ പ്രവര്‍ത്തനം പുരസ്‌കാരത്തിന് മാറ്റുകൂട്ടുന്നു. പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്റെയും അംഗങ്ങളുടെയും ശക്തമായ പിന്തുണയാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിക്കുന്നത്. 100 ല്‍ 95.8 മാര്‍ക്കാണ് ഇളമ്പള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം നേടിയത്. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

date