പൊതുയിടം എന്റേതും രാത്രി നടത്തം സംഘടിപ്പിച്ചു
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്, കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത്, വനിതാ ശിശുവികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. ഭയമില്ലാതെ ഒറ്റയ്ക്ക് രാത്രിയില്‍ സഞ്ചരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് ബോധ്യപ്പെടുത്താനാണ് രാത്രി നടത്തം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു പറഞ്ഞു.
ചിറ്റുമലയില്‍ നിന്നാരംഭിച്ച രാത്രി നടത്തത്തില്‍ മൂന്നു മുക്ക്, ഉപ്പൂട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എത്തിയ വനിതകളുടെ സംഘങ്ങളും ഒത്തുചേര്‍ന്നു. പൊതു ഇടം എന്റേത് കൂടി ആണെന്നും നിര്‍ഭയമായി രാത്രിയില്‍ യാത്ര ചെയ്യും എന്ന് രാത്രി നടത്തത്തില്‍ പങ്കെടുത്തവര്‍ മെഴുകുതിരി കത്തിച്ച് പ്രതിജ്ഞ ചൊല്ലി.
നിര്‍ഭയ ദിനാചരണത്തിന്റെ ഭാഗമായി വനിതാ ദിനമായ മാര്‍ച്ച് എട്ടുവരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായാണ് ചിറ്റുമലയില്‍ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചത്. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ ശിശുവികസന പദ്ധതി ഓഫീസര്‍ കെ സുഷമ പരിപാടിക്ക് നേതൃത്വം നല്‍കി. കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യമുനാ ഷാഹി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ രാത്രി നടത്തത്തില്‍ പങ്കെടുത്തു.
- Log in to post comments