Skip to main content

കോവിഡ് 2019: ഫലം നെഗറ്റീവാണെങ്കിലും  നിരീക്ഷണം 14 ദിവസം തന്നെ

വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ കൂടാതെ ഡല്‍ഹി, ഗുഡ്ഗാവ്, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളില്‍ രോഗബാധ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അവിടെ നിന്നും വരുന്നവരില്‍ രോഗലക്ഷണ സൂചനകള്‍ കണ്ടാല്‍ കര്‍ശനമായും 14 ദിവസത്തെ ഗൃഹനിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു.
ആലപ്പുഴ നാഷണല്‍  വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചതില്‍ ഇനി ആറ് സാമ്പിള്‍ പരിശോധനാ  ഫലം കൂടി എത്താനുണ്ട്. സാമ്പിള്‍ പരിശോധനയില്‍ ഫലം നെഗറ്റീവ് ആണെങ്കിലും 14 ദിവസത്തെ നിരീക്ഷണത്തില്‍ കര്‍ശനമായും തുടരണം. പുറത്തിറങ്ങി രോഗപകര്‍ച്ച സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കരുത്. കഴിവതും പൊതുയോഗങ്ങള്‍, ആഘോഷങ്ങള്‍, സല്‍ക്കാര പരിപാടികള്‍ എന്നിവ ഒഴിവാക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്യുന്നത് അഭികാമ്യമാണ്. നിലവില്‍ 32 പേര്‍ ഗൃഹനിരീക്ഷണത്തിലും രണ്ടുപേര്‍ ആശുപത്രി നിരീക്ഷണത്തിലുമാണ്. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തനം സജീവമാക്കി.
  എല്ലാ പ്രധാന ആശുപത്രികളിലും 16 ആരോഗ്യബ്ലോക്കുകളുടെ   പരിധിയില്‍വരുന്ന ആരോഗ്യ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങി മറ്റു പൊതുസ്ഥലങ്ങളിലും കൈ കഴുകല്‍ ശാസ്ത്രീയ രീതികള്‍, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുന്ന വിധം എന്നിവ സംബന്ധിച്ച ബോധവത്കരണ സന്ദേശം പ്രചരിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മറച്ചുവയ്ക്കുകയോ സ്വയം ചികിത്സയ്ക്ക് മുതിരുകയോ ചെയ്യാതെ ആശുപത്രികളിലെ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഉപയോഗിക്കണമെന്നും പൊതുജനാരോഗ്യവും സ്വന്തം ജീവനും  സംരക്ഷിക്കുന്നതിന് സഹകരിക്കണമെന്നും ഡി എം ഒ അറിയിച്ചു.

date