Skip to main content

മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പ്രതീക്ഷയേകാന്‍ 'ഹോപ്'

മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ഒരു വിളിപ്പാടകലെ സാന്ത്വനവുമായി പുനലൂര്‍ താലൂക്ക് ആശുപത്രി.  താലൂക്ക് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം ആരംഭിച്ചിട്ടുള്ള പുതിയ ടെലഫോണിക് കൗണ്‍സിലിംഗ്  പ്രോഗ്രാമാണ് ഹോപ്.  മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ആശങ്കകള്‍ അകറ്റി പ്രതീക്ഷയേകുന്ന 'ഹോപ്'(ഹെല്‍പിംഗ് ഔട്ട് പേഴ്‌സണല്‍ എമര്‍ജന്‍സി) പദ്ധതി ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.
മാനസിക പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ കഴിയാതെ ജീവിക്കുന്ന ഒരുപാട് പേര്‍ ഇന്നും സമൂഹത്തിലുണ്ട്. അതിന് പ്രധാന കാരണം പ്രത്യക്ഷമായി മാനസിക രോഗചികിത്സയ്ക്ക് വിധേയമാകുന്നത് മാറാരോഗമാണെന്ന സമൂഹത്തിന്റെ ചിന്താഗതിയാണ്. ഇതിനൊരു ശാശ്വത പരിഹാരമാവുകയാണ് ഹോപ്.
നേരിട്ട് ചികിത്സാ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ സമീപിക്കാവുന്നതും ഫോണ്‍ വഴിതന്നെ ആവശ്യമായ കൗണ്‍സിലിംഗ് ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതുമാണ് പദ്ധതി.  ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തനസജ്ജമായ 9633208702 എന്ന നമ്പരില്‍ സൈക്യാട്രിസ്റ്റുമാരായ ഡോ വിന്നി ആന്റണി,  ഡോ ആകാശ് ബാലു, സൈക്കോളജിസ്റ്റ് ഐശ്വര്യ എന്നിവരുടെ കൗണ്‍സിലിംഗ് സേവനങ്ങള്‍ ലഭ്യമാണ്. ഫോണ്‍ വഴി മതിയായ കൗണ്‍സിലിംഗ് നല്‍കുകയും കൂടാതെ നേരിട്ട് ചികിത്സ ലഭ്യമാക്കുകയും ചെയ്യും.
ഒരു വര്‍ഷം മുമ്പാണ് പ്രതീക്ഷ എന്ന പേരില്‍ താലൂക്ക് ആശുപത്രിയില്‍ മാനസികരോഗ ചികിത്സയ്ക്കായി പ്രത്യേക വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് നൂറോളം പേര്‍ മാത്രം ആശ്രയിച്ചിരുന്ന ചികിത്സ സൗകര്യങ്ങള്‍ ഇന്ന് ഏകദേശം അഞ്ഞൂറോളം ആളുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. നൂറ്റമ്പതോളം ആളുകള്‍ കൗണ്‍സിലിങിനും വിധേയമായിട്ടുണ്ട്.
ഫോണ്‍വഴി കൗണ്‍സിലിംഗ് ലഭ്യമാക്കുന്നതോടെ മാനസികരോഗ ചികിത്സ യെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുവാന്‍ കഴിയും. മാനസിക വെല്ലുവിളികള്‍ തുറന്നുപറയാന്‍ മടിക്കുന്നവര്‍ക്ക് ഹോപ് വഴി കൗണ്‍സിലിംഗ് നല്‍കുകയും തുടര്‍ചികിത്സയ്ക്ക് വിധേയമാക്കാനാകുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ ആര്‍ ഷാഹിര്‍ഷ പറഞ്ഞു.

date