Skip to main content

നടന്നു കയറാം ആരോഗ്യമുള്ള ജില്ലയിലേക്ക് ഗ്രാമങ്ങളില്‍ കൂട്ടനടത്തവുമായി ആരോഗ്യ വകുപ്പ്

വെറുതെ നടന്നാല്‍ ആരോഗ്യം കിട്ടുമോ..? കിട്ടുമെന്നാണ് ആരോഗ്യ വകുപ്പിന്റെ ഉറപ്പ്. ആര്‍ദ്രം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണ്  കൂട്ടനടത്തം സംഘടിപ്പിക്കുന്നത്. ജനങ്ങളില്‍ ആരോഗ്യകരമായ ജീവിത ശൈലി രൂപപ്പെടുത്തുന്നതിനായി 'ഗ്രാമങ്ങളില്‍ കൂട്ടനടത്ത'ത്തിന് തുടക്കമായി. പരിപാടിയുടെ പ്രചരണാര്‍ഥം കലക്‌ട്രേറ്റില്‍ നടന്ന പോസ്റ്റര്‍ പ്രദര്‍ശനം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു.
വ്യായാമം വലിയ മരുന്ന്, നടന്ന് തോല്‍പ്പിക്കാം പ്രമേഹത്തിനെ, നല്ല നടപ്പ് ആരോഗ്യത്തിന്, പതിവായി തുടരട്ടേ കൂട്ടനടത്തം തുടങ്ങിയ സന്ദേശങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്. പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ട് നടത്തിയ പ്രദര്‍ശനം ജനശ്രദ്ധ ആകര്‍ഷിച്ചു. വ്യക്തിയുടെ ആരോഗ്യ സംരക്ഷണത്തിന് നടത്തത്തിന്റെ പ്രാധാന്യം, ഗ്രാമങ്ങളിലെ കൂട്ടനടത്തം സാമൂഹിക പ്രക്രിയയില്‍ ചെലുത്തുന്ന സ്വാധീനം എന്നിവ കാഴ്ചക്കാരിലേക്കു എത്തിക്കുക എന്നതാണ് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയായാണ് കൂട്ടനടത്തം ആസൂത്രണം ചെയ്തിരിക്കുന്നത്. കൂട്ടനടത്തത്തിലൂടെ സൗഹൃദം പങ്കിടല്‍ സാധ്യമാകുകയും മാനസികാരോഗ്യം വര്‍ധിക്കുകയും ചെയ്യുന്നു. ജില്ലയിലെ എല്ലാ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം.
ജില്ലാതലത്തില്‍ പരിപാടി നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അവതരിപ്പിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ ജെ മണികണ്ഠന്‍ സംസാരിച്ചു. പ്രദര്‍ശനം  ഇന്ന് (മാര്‍ച്ച് 6) സമാപിക്കും.

date