ഭരണരംഗത്ത് വളച്ചുകെട്ടില്ലാത്ത ഭാഷ ഉപയോഗിക്കണം: ഡോ ആര്‍ ശിവകുമാര്‍
ഭരണരംഗത്ത് വളച്ചുകെട്ടില്ലാത്ത ഭാഷ ഉപയോഗിക്കണമെന്ന് ഔദ്യോഗിക ഭാഷാ വിദഗ്ധന്‍ ഡോ ആര്‍ ശിവകുമാര്‍ പറഞ്ഞു. കൊട്ടാരക്കര കില ഇ ടി സി തദ്ദേശ സ്വയംഭരണ വകുപ്പിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഭരണഭാഷാ പരിശീലനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഭാഷയില്‍ എല്ലാവര്‍ക്കും മനസിലാകുന്ന രീതിയില്‍ ലളിതമായ പദങ്ങള്‍ ഉപയോഗിക്കണം. ഭരണഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായി കഠിന പദങ്ങളുപയോഗിക്കണമെന്ന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. പൂര്‍വാഹ്നം, അപരാഹ്നം എന്നീ പദങ്ങള്‍ക്ക് പകരം ഉച്ചയ്ക്ക് മുമ്പ്, ഉച്ചയ്ക്ക് ശേഷം എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്ന് ശിവകുമാര്‍ പറഞ്ഞു.
മെഡിക്കല്‍ റീ-ഇംബേഴ്‌സ്‌മെന്റ് എന്നതിനു പകരം ചികില്‍സാ പ്രതിപൂരണ ചെലവ് എന്നെഴുതാന്‍ പാടില്ലെന്നും ചികില്‍സാച്ചെലവ് തിരികെ നല്‍കാന്‍ നടപടി സ്വീകരിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും മനസിലാകുന്ന ഇംഗ്ലീഷ് പദങ്ങള്‍ അതേപടി മലയാള ലിപിയില്‍ എഴുതുന്നതില്‍ തെറ്റില്ല. ചെറിയ വാക്കുകളിലാണ് ഭരണഭാഷ ഉപയോഗിക്കേണ്ടത്. ഭരണഭാഷയെന്നത് പല രീതിയില്‍ വ്യാഖ്യാനിക്കാന്‍ ഇട നല്‍കുന്നതാകരുത്. പല വ്യാഖ്യാനത്തിന് സാധ്യതയുള്ളതിനാല്‍ ഭരണരംഗത്ത് അലങ്കാര ഭാഷ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലെന്നും ശിവകുമാര്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ ജി കൃഷ്ണകുമാര്‍ പരിശീലന പരിപാടി വിശദീകരിച്ചു. ഫാക്കല്‍റ്റി അംഗങ്ങളായ എസ് രമേശന്‍ നായര്‍, ബി ഷബിന, ആര്‍ സമീറ എന്നിവര്‍ സംസാരിച്ചു.
- Log in to post comments