Skip to main content

കോവിഡ്- 19 ഗള്‍ഫില്‍ നിന്നുള്ള യാത്രികര്‍ ജാഗ്രത പാലിക്കണം

കോവിഡ്- 19 ഗള്‍ഫ് മേഖലയില്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇറാന്‍, ഇറാക്ക്, കുവൈറ്റ്, ബഹറിന്‍, യു.എ.ഇ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും  തിരികെയെത്തുന്നവര്‍ ഗൃഹ നിരീക്ഷണത്തില്‍ തുടരണം. ഇതര രോഗബാധിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പൊതുജന സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാകണം.
  പൊതുജനങ്ങള്‍ ഏറ്റവും മുന്‍ഗണന നല്‍കേണ്ടത് പ്രാഥമിക ശുചിത്വ ശീലങ്ങള്‍ക്കാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മുഖവും മറയ്ക്കണമെന്നും  കൈ കഴുകുന്നത് ശീലമാക്കണം.
എന്റെ ആരോഗ്യം, സമൂഹത്തിന്റെ ആരോഗ്യം  എന്നത് തന്റെ കൂടി ഉത്തരവാദിത്തമാണെന്ന് ഓരോ വ്യക്തിയും ഏറ്റെടുക്കണം. യാത്രകളിലും ജോലി സ്ഥലങ്ങളിലും കൈ കഴുകുന്നതിന് വെള്ളം ലഭ്യമല്ലാത്തപ്പോള്‍ ഉപയോഗിക്കുന്നതിനായി സാനിറ്റൈസറുകള്‍  കരുതുന്നത് അഭികാമ്യമാണ്. ആലിംഗനം, ഹസ്തദാനം എന്നിവ ഒഴിവാക്കി നമസ്‌തേ പോലുള്ള ഉപചാരരീതികള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി പറഞ്ഞു.
പൊതുപരിപാടികളും യോഗങ്ങളും സാമൂഹികമായ വിരുന്നു സല്‍ക്കാരങ്ങളും കഴിവതും ഒഴിവാക്കണമെന്നുള്ള നിര്‍ദ്ദേശമനുസരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെങ്ങും വ്യാപകമായ പരിശോധനയും ബോധവല്ക്കരണവും നടത്തും. ഉത്സവാഘോഷങ്ങള്‍ നടത്തുന്നയിടങ്ങളില്‍ ആരോഗ്യ സന്ദേശങ്ങള്‍ പതിച്ച തൊപ്പികള്‍, വിശറികള്‍ എന്നിവ നല്‍കും. പ്രാഥമികാരോഗ്യ സ്ഥാപനങ്ങള്‍ വഴി ലഘു നോട്ടീസുകള്‍ വിതരണം ചെയ്യും. കലാപരിപാടികളും   എല്‍ ഇ ഡി വാള്‍ ഡിസ്‌പ്ലേ ഉപയോഗിച്ച് വാഹന പ്രചരണ ബോധവത്കരണവും നടത്തും. വിവാഹ ചടങ്ങുകള്‍, രോഗീ സന്ദര്‍ശനങ്ങള്‍, പൊതു ആരാധനകള്‍ തുടങ്ങിയവയില്‍ പങ്കെടുക്കുന്നതില്‍ സ്വമേധയാ നിയന്ത്രണം പാലിക്കുന്നത് അഭികാമ്യമാണ്.
നിലവില്‍ 49 പേര്‍ ഗൃഹ നിരീക്ഷണത്തിലും  മൂന്നുപേര്‍ ഐ പിയിലുമുണ്ട്.  ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഇതുവരെ 70 സാമ്പിളുകള്‍ അയച്ചതില്‍ ഫലം വന്നത് എല്ലാം നെഗറ്റീവാണ്. ഇനി 10 സാമ്പിളുകളുടെ ഫലം കൂടി എത്താനുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ 24 മണിക്കൂറും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ഡി എം ഒ അറിയിച്ചു.

date