അനധികൃത മത്സ്യബന്ധനം; ചെറുമത്സ്യങ്ങളെ പിടികൂടിയ ബോട്ടിന് പിഴ
ചെറുമത്സ്യങ്ങളെ പിടിക്കുന്ന അനധികൃത മത്സ്യബന്ധന രീതിക്കെതിരെ നടപടിയുമായി ഫിഷറീസ് വകുപ്പ്. ചെറുമീനുമായി വന്ന മുനമ്പം സ്വദേശിയായ റൈജു ആന്റണിയുടെ ഉടമസ്ഥതയിലുളള 'എസക്കിയല്‍' എന്ന ബോട്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സഹായത്തോടെ പിടിച്ചെടുത്തു. രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത വകയില്‍ 40,000 രൂപ സര്‍ക്കാരിലേയ്ക്ക് അടച്ചു.
ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ മുഖേന ചെറുമീനുകളേയും മറ്റ് കടല്‍ജീവികളേയും കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഫിഷറീസ് വകുപ്പ് തീരത്ത് പരിശോധന കര്‍ശനമാക്കിയത്. നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ നൗഷര്‍ഖാന്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് എസ് ബൈജു, സബ് ഇന്‍സ്‌പെക്ടര്‍ സുമേഷ്, സി പി ഒ മാരായ വിമല്‍, മനു, ലൈഫ് ഗാര്‍ഡ് റോയ് എന്നിവരടങ്ങളിയ ഉദ്യോഗസ്ഥരാണ് ബോട്ട് പിടിച്ചെടുത്തത്. ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗീതാകുമാരി അറിയിച്ചു.
- Log in to post comments