ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി പരവൂരില്‍ കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ തുറന്നു
സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ പരിപാലന നയത്തിന്റെ ഭാഗമായി പരവൂര്‍ നഗരസഭയിലെ പാറയില്‍കാവിലും ആയിരവല്ലിയിലും നിര്‍മിച്ച കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ ഉദ്ഘാടനം വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു നിര്‍വ്വഹിച്ചു. ആരോഗ്യ മേഖലയില്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
5000 പേര്‍ക്ക് ഒരു കുടുംബ ഉപകേന്ദ്രം എന്ന രീതിയിലാണ് 22 ലക്ഷം രൂപ ചെലവില്‍ ഇവ നിര്‍മിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍, എല്ലാ ആഴ്ചയിലും ഡോക്ടറുടെ സേവനം, ജീവിതശൈലീ രോഗ ക്ലിനിക്കുകള്‍, കിടപ്പിലായ രോഗികളുടെ ഭവന സന്ദര്‍ശനം, സാംക്രമിക രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ കേന്ദ്രങ്ങളില്‍ ലഭ്യമാകും. അടുത്തഘട്ടമെന്ന നിലയില്‍ കോങ്ങാല്‍, കോട്ടപ്പുറം, പെരുമ്പുഴ എന്നിവിടങ്ങളിലും ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ആരോഗ്യ മേഖലയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. നെടുങ്ങോലം രാമറാവു താലൂക്ക് ആശുപത്രിയില്‍ ഡിജിറ്റല്‍ എക്‌സ്-റേ, ഫിസിയോതെറാപ്പി യുണിറ്റ്, ക്യൂരഹിത ഒ പി കൗണ്ടര്‍, സോളാര്‍ സംവിധാനം, ആശുപത്രി പരിസരത്ത് ടോയ്‌ലറ്റ് ബ്ലോക്ക്, ആയുര്‍വേദ-ഹോമിയോ ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍, പൊഴിക്കര കുടുംബക്ഷേമ കേന്ദ്രത്തില്‍ നവീകരിച്ച ഫാര്‍മസി, വിപുലമായ ലബോറട്ടറി എന്നിവ ഇതില്‍പ്പെടുന്നു.
നഗരസഭ ചെയര്‍മാന്‍ കെ പി കുറുപ്പ്, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍ ഷീബ, സ്ഥിരം സമിതി അധ്യക്ഷരായ ജെ യാക്കൂബ്, പി നിഷാകുമാരി, വി അംബിക, സുധീര്‍ ചെല്ലപ്പന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ജി സുരേഷ് ബാബു, കെ സിന്ധു, രാഷ്ട്രീയ നേതാക്കളായ കെ ആര്‍ അജിത്, അഡ്വ രാജേന്ദ്ര പ്രസാദ്, സഹീറത്ത്, എസ് ഷീല, ജയലാല്‍ ഉണ്ണിത്താന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ സി അശോക്, പൊഴിക്കര എഫ് ഡബ്ലൂ സി മെഡിക്കല്‍ ഓഫീസര്‍ ഡോ അമല സൂസന്‍ സക്കറിയ എന്നിവര്‍ സംസാരിച്ചു. ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് അംഗങ്ങള്‍, ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments