Skip to main content

കേരള ചിക്കന്‍ വിതരണം വ്യാപിപ്പിക്കും - മന്ത്രി  കെ രാജു

കെപ്കോ ഉത്പാദിപ്പിക്കുന്ന കേരള ചിക്കന്‍ വിതരണം ജില്ലയില്‍ വ്യാപിപ്പിക്കുമെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു. ചിറക്കര പഞ്ചായത്തില്‍  നടപ്പിലാക്കുന്ന കെപ്കോ ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം  നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പരാശ്രയം ലഭ്യമല്ലാത്ത വിധവകള്‍ക്ക് ഇത്തരം ഉപജീവനമാര്‍ഗങ്ങള്‍ നല്‍കി അവരുടെ കരുതലും സംരക്ഷണവും ഉറപ്പിക്കുകയാണ്  സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കോഴിമുട്ട, മാംസം എന്നിവയുടെ ലഭ്യത  വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ തിരഞ്ഞെടുത്ത 1560 വിധവകള്‍ക്ക് കോഴികളും കോഴിത്തീറ്റയും മരുന്നുകളും വിതരണം ചെയ്തു. ഒരാള്‍ക്ക് 10 കോഴിയും 10 കിലോ കോഴിത്തീറ്റയും മരുന്നുകളുമാണ് വിതരണം ചെയ്തത്. 25 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്.  
കോര്‍പ്പറേഷന്റെ നൂതന  പദ്ധതികളിലൂടെ  സംസ്ഥാനത്ത് മുട്ട ഉത്പാദനത്തില്‍ പതിനാല് ശതമാനം വളര്‍ച്ച കൈവരിക്കാനും 148 കോടി മുട്ട അധികമായി ഉത്പാദിപ്പിക്കാനും കഴിഞ്ഞു. കുട്ടികളില്‍ സമ്പാദ്യശീലം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന 'കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്' എന്ന പദ്ധതിയും വിജയമാണ്.
ഉളിയനാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല കോഴിത്തീറ്റ വിതരണം നടത്തി. കെപ്‌കോ ചെയര്‍പേഴ്‌സണ്‍ ജെ ചിഞ്ചുറാണി, മാനേജിങ് ഡയറക്ടര്‍ ഡോ വിനോദ് ജോണ്‍, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ദീപു, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം എന്‍ രവീന്ദ്രന്‍, ഇത്തിക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രൊഫ വി എസ് ലീ, ബ്ലോക്ക് പഞ്ചായത്തംഗം മായാ സുരേഷ്, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനില്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

date