കോവിഡ് 19 : ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന ആഘോഷങ്ങള്‍ ഒഴിവാക്കണം - ജില്ലാ കലക്ടര്‍
കോവിഡ് 19 ലോകാരോഗ്യ സംഘടന മഹാവ്യാധിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രോഗപ്രതിരോധത്തിന് എല്ലാവരും സഹകരിക്കണമെന്നും മതപരമായ ചടങ്ങുകളിലും ഉത്സവങ്ങളിലും ആള്‍ക്കൂട്ടം സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.
കലക്‌ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പ്രതിനിധികളുടെയും ഉത്സവകമ്മിറ്റി ഭാരവാഹികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആചാരാനുഷ്ഠാനങ്ങളും പൂജാകര്‍മ്മങ്ങളും നടത്തുമ്പോള്‍ ആഘോഷങ്ങള്‍ ഒഴിവാക്കണം. ഘോഷയാത്രകള്‍, കലാപരിപാടികള്‍, അന്നദാനം, പൊങ്കാല തുടങ്ങി ആള്‍ക്കൂട്ടത്തിന് സാധ്യതയുള്ള എല്ലാ പരിപാടികളും ഒഴിവാക്കണം. മതപരമായ ചടങ്ങുകള്‍, പൂജകള്‍ എന്നിവയ്ക്ക് തടസം ഇല്ലെങ്കിലും പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തണം.
പനി, ചുമ, ശ്വാസംമുട്ട്, മറ്റ് അസുഖങ്ങള്‍ എന്നിവ ഉള്ളവര്‍ ഒരു കാരണവശാലും പൊങ്കാലയിലോ മറ്റ് കൂട്ടായ്മകളിലോ പങ്കെടുക്കരുത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗാണു വ്യാപനം ഒരു മീറ്റര്‍ ചുറ്റളവിലുള്ളവരിലേക്ക് പകരാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് നിര്‍ദേശം. ആരാധനാലയങ്ങളില്‍ ഒരു കൈ അകലത്തില്‍ ആളുകള്‍ നില്‍ക്കേണ്ടതാണ്. തിക്കും തിരക്കും രോഗം വേഗത്തില്‍ പടരുന്നതിനുള്ള സാധ്യത ഒരുക്കും. പൊതുജനങ്ങള്‍ പ്രത്യേക സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ഇത്തരം അഘോഷ-ഉത്സവ-പൊങ്കാല പരിപാടികളില്‍ നിന്നും സ്വമേധയാ വിട്ടുനില്‍ക്കണം. നിര്‍ദേശങ്ങള്‍ പാലിക്കാതെയും പൊതുജനാരോഗ്യം കണക്കിലെടുക്കാതെയും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
കൊറോണ രോഗത്തിനെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളോട് സഹകരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത വിവിധ ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍, എ ഡി എം പി.ആര്‍ ഗോപാലകൃഷ്ണന്‍, ആര്‍ ഡി ഒ മാരായ ആര്‍ സുമീതന്‍പിള്ള, ബി ശശികുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി, അഡീഷണല്‍ എസ് പി മാരായ എം ഇഖ്ബാല്‍, ജോസി ചെറിയാന്‍, കൊല്ലം എ സി പി എ.പ്രതീപ് കുമാര്‍, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ ആര്‍ സന്ധ്യ, ഡോ ജെ മണികണ്ഠന്‍, തഹസില്‍ദാര്‍മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments