Skip to main content

തളിക്കുളത്ത് റിസോർട്ടുകളിൽ നിരീക്ഷണത്തിലുള്ളവരെ പുറത്തുവിടില്ല

തളിക്കുളത്ത് റിസോർട്ടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ നിരീക്ഷണ കാലാവധി കഴിയാതെ പുറത്തുവിടേണ്ടതില്ലെന്ന് ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. പുതിയതായി ആരേയും റിസോർട്ടിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. നിർദ്ദേശം ലംഘിച്ചാൽ റിസോർട്ടുകൾക്കെതിരേ നടപടിയെടുക്കാൻ ഹെൽത്ത് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി. കൊറന്റൈൻ കാലാവധി കഴിയുന്നതുവരെ ഇവരെ പുറത്ത് പോകാൻ അനുവദിക്കാതെ റിസോർട്ടിൽ തന്നെ നിലനിർത്തും.
വിദേശത്തുനിന്ന് മടങ്ങി വരുന്നവരെ കണ്ടെത്തുന്നതിനും മറ്റ് നടപടികൾ സ്വീകരിക്കുന്നതിനും പഞ്ചായത്ത് തല റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും മെഡിക്കൽ ഓഫീസർ കൺവീനറുമാണ്. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എന്നിവർ അംഗങ്ങളാണ്. എല്ലാ വാർഡുകളിലും വാർഡ് തല ആർ.ആർ.ടി രൂപീകരിക്കാനും തീരുമാനിച്ചു. വാർഡ് അംഗം ചെയർമാനും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അല്ലെങ്കിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കൺവീനറുമായി കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, മറ്റു പൊതുപ്രവർത്തകർ എന്നിവർ അംഗങ്ങളായുള്ള വാർഡ് തല ടീമിന്റെ നേതൃത്വത്തിൽ വാർഡിൽ യോഗങ്ങൾ നടത്തും. മറ്റു രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയ്ക്ക് പുറത്തു നിന്നും എത്തുന്നവർ വീട്ടിൽ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് തീരുമാനം. ഇത്തരത്തിലുള്ളവർ നിശ്ചിത കാലയളവ് കഴിയാതെ പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകുന്നില്ലെന്ന് ഉറപ്പ് വരുത്തും. ജെ.എച്ച്.ഐ, ജൂനിയർ പബ്ലിക് നഴ്സുമാർ ഇത് ശ്രദ്ധിക്കേണ്ടതാണ്. ഇവരുടെ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസിൽ എല്ലാ ദിവസവും അറിയിക്കേണ്ടതാണ്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ഐ.സജിത അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. രജനി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ രാമകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. പി .കെ സുഭാഷിതൻ, മെഡിക്കൽ ഓഫീസർ കേതുൽ പ്രമോദ്, ഹെൽത്ത് ഇൻസ്പെക്ടർ ടി. പി. ഹനീഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി എ. ആർ.ഉന്മേഷ്, പഞ്ചായത്തംഗങ്ങളായ പ്രമീള സുദർശനൻ, പി. ഐ. ഷിഹാബ്, പി. ആർ രമേഷ്, എ. ടി.നേന, ഇ. വി. കൃഷ്ണ ഘോഷ്, കെ. എ. ഹാറൂൺ റഷീദ്, പി എസ് സുൽഫിക്കർ, സുമന ജോഷി, പി.ഐ. ഷൗക്കത്തലി, സിന്ധു ബാലൻ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

date