സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ ബജറ്റ്
സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ ബജറ്റ്. ജില്ലയില്‍ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ജെന്‍ഡര്‍ ബജറ്റ് അവതരിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒട്ടേറെ പദ്ധതികളാണ് ബജറ്റില്‍ ഇടം പിടിച്ചിരിക്കുന്നത്.
കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതവും മറ്റ് വകുപ്പുകളുടെ സംയോജനവും ഉള്‍പ്പെടുത്തി നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നു. ബജറ്റ് വിഹിതത്തില്‍ നിന്നും 3,30,40,400 രൂപ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള പദ്ധതികള്‍ നടപ്പിലാക്കുവാന്‍ നീക്കിവച്ചു.
കാര്‍ഷിക മേഖലയില്‍ പ്രാതിനിധ്യം നല്‍കി സ്ത്രീകളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന തരത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കുക. നെല്‍കൃഷി വ്യാപനം, തരിശുരഹിത ഗ്രാമം, നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്നീ പദ്ധതികളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. വനിതകള്‍ക്ക് ഓട്ടോറിക്ഷ നല്‍കുന്ന പദ്ധതിക്കായി 3,50,000 രൂപയും നീക്കിവെച്ചു. വനിതാ ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കുവാന്‍ മൊബൈല്‍ മില്‍ക്കിംഗ് യൂണിറ്റിനും ഭിന്നശേഷിക്കാരായ വനിതകള്‍ക്കായി കലാമേളയ്ക്കും ഫണ്ട് നീക്കിവച്ചിട്ടുണ്ട്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കുവാന്‍ 10,00,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി തെറാപ്പി സെന്റര്‍ പദ്ധതി നടപ്പിലാക്കും.
പൊതു ഇടങ്ങളില്‍ സ്വയരക്ഷയൊരുക്കാന്‍ പെണ്‍കുട്ടികള്‍ക്കായി 'നിര്‍ഭയം 'എന്ന പേരില്‍ കരാട്ടെ പരിശീലനം നല്‍കും. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ത്രീകളുടെ എണ്ണം വളരെ കൂടുതലായതിനാലാണ് അവരുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് ജെന്‍ഡര്‍ ബജറ്റ് എന്ന ആശയത്തിലേക്ക് എത്തിയതെന്ന് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ് പറഞ്ഞു.
- Log in to post comments