Skip to main content

കോവിഡ് 19: കടപ്പുറം പഞ്ചായത്ത് പ്രതിരോധം ഊർജിതമാക്കി

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപകമായ സാഹചര്യത്തിൽ ഭയമോ ആശങ്കയോ കൂടാതെ ആത്മവിശ്വാസത്തോടെയുള്ള ജാഗ്രതയാണ് നമുക്ക് വേണ്ടതെന്നും പകർച്ചവ്യാധികൾ പെരുകുമ്പോൾ മുൻകരുതലുകൾ എടുക്കുകയാണ് വേണ്ടതെന്നും കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി ഉമ്മർകുഞ്ഞി പറഞ്ഞു. കടപ്പുറം ജിംഖാന ക്ലബ്ബ് ലഘുലേഖ വിതരണവും ബോധവത്ക്കരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടപ്പുറം പഞ്ചായത്തിൽ മാത്രം ഗൾഫ് രാജ്യങ്ങളിൽ നിന്ന് വന്ന 41 പേർ ക്വാറന്റയിൻ കഴിയുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്.
വ്യാജ വാർത്തകളിൽ പെട്ട് ജനങ്ങൾ ആശങ്കപ്പെടാനുള്ള സാധ്യത ഏറെയാണ്. കോവിഡ് 19 വൈറസിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചുള്ള ബോധവൽക്കരണവും ലഘുലേഖ വിതരണവും നടത്തി. ജിംഖാന ക്ലബ്ബ് പ്രസിഡൻറ് പി. എ അഷ്‌ക്കർ അലി അദ്ധ്യക്ഷത വഹിച്ചു. മുനക്കകടവ് മുതൽ അഴിമുഖം ഒൻപതാം വാർഡ് വരെയുള്ള പ്രദേശത്തെ വീടുകൾ കയറിയിറങ്ങി പ്രവർത്തകർ ബോധവത്ക്കരണവും ലഘുലേഖ വിതരണവും നടത്തി.
നാട് ദുരന്തങ്ങൾ നേരിടുമ്പോൾ ജനപങ്കാളിത്തവും സഹകരണവും ഇത്തരം ക്ലബുകളുടെയും ജനങ്ങളുടെയും ഭാഗത്ത് നിന്നുണ്ടാവണമെന്നും പ്രസിസന്റ് അഭ്യർഥിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരി ദീപ, കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീബ രതീഷ്, ജിംഖാന സെക്രട്ടറി പി. എസ് ഷമീർ, പി. കെ നസീർ, പി. കെ നിഷാദ്, കെ. എ നസീർ, പി. എ അൻവർ, ബാലസഭ പ്രവത്തകർ എന്നിവർ പങ്കെടുത്തു.

date