കോവിഡ് 19; ശുചിത്വം പാലിക്കാത്ത ഭക്ഷണ ശാലകള്‍ക്കെതിരെ കര്‍ശന നടപടി
കൊറോണ രോഗപ്രതിരോധമായി ബന്ധപ്പെട്ട് ജില്ലയില്‍ ശുചിത്വം പാലിക്കാത്ത ഹോട്ടലുടമകള്‍, തട്ടുകടകള്‍, ജ്യൂസ് സ്റ്റാളുകള്‍, ബേക്കറികള്‍, ക്യാന്റീനുകള്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഹോട്ടലുകളില്‍ പനി, തുമ്മല്‍, ജലദോഷം, ചുമ എന്നീ രോഗലക്ഷണങ്ങള്‍ ഉള്ള ജോലിക്കാരെ കര്‍ശന വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും താത്കാലികമായി ജോലിയില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യണം. ഭക്ഷണം കഴിക്കാനെത്തുന്ന ആളുകള്‍ക്ക് പനി, തുമ്മല്‍, ജലദോഷം, ചുമ ഇവയുണ്ടെങ്കില്‍ അവര്‍ മാസ്‌കോ, തുവാലയോ ഉപയോഗിക്കുവാന്‍ നിര്‍ദേശിച്ച് ഇവര്‍ക്ക് പ്രത്യേകം സ്ഥലവും വാഷ് ഏരിയും നല്‍കണം.
മേശപ്പുറത്ത് പാത്രങ്ങളില്‍ കറികള്‍ നേരത്തെ വിളമ്പി വയ്ക്കുന്നത് ഒഴിവാക്കണം. ആവശ്യാനുസരണം ഹോട്ടല്‍ ജീവനക്കാര്‍ വിളമ്പി നല്‍കണം. മേശപ്പുറത്ത് കുടിവെള്ളം വച്ചിരിക്കുന്ന ജഗ്ഗ് വീണ്ടും വെള്ളം നിറയ്ക്കാനായി ശേഖരിച്ചു വച്ചിരിക്കുന്ന വെള്ളത്തില്‍ ജഗ്ഗ് താഴ്ത്തരുത്. മേശപ്പുറത്തുള്ള രോഗാണുക്കള്‍ ജഗ്ഗിലൂടെ വെള്ളത്തില്‍ കലരാനിടയാകും. മറ്റൊരു വ്യത്തിയുള്ള പാത്രത്തില്‍ വെള്ളം എടുത്ത് ജഗ്ഗില്‍ നിറയ്ക്കണം. മേശപ്പുറം തുടയ്ക്കന്‍ ഉപയോഗിക്കുന്ന തുണി സോപ്പു വെള്ളത്തില്‍ കഴുകിയതിന് ശേഷം മാത്രമേ അടുത്ത മേശ തുടയ്ക്കാന്‍ പാടൂള്ളൂ.
ആഹാരം കഴിച്ച ശേഷം പാത്രങ്ങള്‍, ഗ്ലാസ്സ്, സ്പൂണ്‍ എന്നിവ ഡിഷ് വാഷ് ലിക്വിഡ് സോപ്പ് ഉപയോഗിച്ച് കഴുകുകയും പിന്നീട് തിളച്ച വെള്ളത്തില്‍ മുക്കിയെടുക്കുകയും ചെയ്യണം. ആഹാരം കഴിക്കുന്നതിനായി വരുന്നവര്‍ക്ക് സോപ്പ് ഒഴിവാക്കി ലിക്വിഡ് ഹാന്റ് വാഷ് കൈകഴുകുവാന്‍ നല്‍കണം. ലിക്വിഡ് ഹാന്റ് വാഷ് ഒരു കാരണവശാലും വെള്ളം ഒഴിച്ച് നേര്‍പ്പിക്കരുത്.
ക്യാഷ് കൗണ്ടറില്‍ രൂപ കൈകാര്യം ചെയ്യുന്നവര്‍ യാതൊരു കാരണവശാലും ആഹാരപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യരുത്. ജോലിക്ക് ഹാജരായിട്ടുള്ള എല്ലാ ജീവനക്കാരുടെയും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥര്‍ ചോദിക്കുമ്പോള്‍ നല്‍കണം. കുടിവെള്ളം പരിശോധിച്ച ലാബ് റിപ്പോര്‍ട്ട് (ആറു മാസത്തിനകം വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്) പരിശോധന സമയത്ത് നല്‍കണം.
ജീവനക്കാര്‍ മാസ്‌ക് ധരിക്കേണ്ടതും മുഖത്ത് കൈ കൊണ്ട് തൊടാതിരിക്കേണ്ടതുമാണ്. മാസ്‌ക് ധരിച്ചതിന് ശേഷം അവ താഴ്ത്തിയിടാന്‍ പാടുള്ളതല്ല. മാസ്‌കില്‍ കൈകൊണ്ട് സ്പര്‍ശിച്ചാല്‍ വീണ്ടും കൈ സോപ്പ് ഉപയോഗിച്ച് കഴുകി വ്യത്തിയാക്കണം. ജീവനക്കാര്‍ ജോലിക്ക് പ്രവേശിക്കുന്നതിന് മുമ്പും ഇടവേളകളിലും കൈ, മുഖം എന്നിവ സോപ്പ് കൊണ്ട് കഴുകേണ്ടതും ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് തുടയ്‌ക്കേണ്ടതുമാണ്.
തട്ടുകടകളില്‍ ആഹാര സാധനങ്ങള്‍ അടച്ച് സൂക്ഷിക്കേണ്ടതും വാങ്ങുവാന്‍ വരുന്നവര്‍ക്ക് ആഹാരസാധനങ്ങളില്‍ കൈതൊടാന്‍ അവസരം നല്‍കാതിരിക്കുകയും വേണം. തട്ടുകടകളില്‍ ആഹാരം കഴിക്കാന്‍ വരുന്നവര്‍ക്ക് കൈകഴുകാന്‍ ലിക്വിഡ് ഹാന്റ് വാഷ്, വെള്ളം എന്നിവ നല്‍കണം. തട്ടുകടകളില്‍ ആഹാരസാധനങ്ങള്‍ കണ്ണാടി അലമാരകളില്‍ സൂക്ഷിക്കേണ്ടതും ആവശ്യാനുസരണം ഫോഴ്‌സ്പ്‌സ്-ഗ്ലൗസ് എന്നിവ ഉപയോഗിച്ച് വിതരണം ചെയ്യുകയും വേണം.
ജ്യൂസ് കടകള്‍ നടത്തുന്ന വ്യക്തികള്‍ ഗ്ലാസ്സ് കഴുകാന്‍ പ്രത്യേകം ജീവനക്കാരനെ വയ്‌ക്കേണ്ടതും ഉപയോഗശേഷം ഗ്ലാസ്സ് സോപ്പു വെളളത്തില്‍ കഴുകി രണ്ട് പ്രാവശ്യം ശുദ്ധ ജലത്തില്‍ കഴുകേണ്ടതുമാണ്. ജ്യൂസിന് നിര്‍ബന്ധമായും സ്‌ട്രോ നല്‍കണം. ജീവനക്കാര്‍ മൊബൈല്‍ ഫോണ്‍, നോട്ട്, നാണയങ്ങള്‍ എന്നിവ ജോലി സമയങ്ങളില്‍ ഉപയോഗിക്കരുത്. ഉപയോഗിക്കുകയാണെങ്കില്‍ കൈകള്‍ ലിക്വിഡ് ഹാന്റ് വാഷ് ഉപയോഗിച്ച് കഴുകണം. നിബന്ധനകള്‍ പാലിക്കാതെ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ 0474-2766950 എന്ന നമ്പരില്‍ അറിയിക്കാം.
- Log in to post comments