Skip to main content

കോവിഡ് -19 തുറമുഖത്ത് മത്സ്യലേലത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വരുന്ന രണ്ടാഴ്ചക്കാലത്തേക്ക് തുറമുഖങ്ങളിലെ മത്സ്യലേലത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ഒരിടത്ത് നടക്കുന്ന ലേലം വിവിധ കേന്ദ്രങ്ങളിലായി നടത്തും. വാടി, മൂതാക്കര, തങ്കശ്ശേരി, ജോനകപ്പുറം, കൊല്ലം പോര്‍ട്ട് എന്നിവിടങ്ങളിലായി ലേലം വികേന്ദ്രീകരിക്കും. ഇവിടെ ഒഴിഞ്ഞു കിടക്കുന്ന ഹാളുകള്‍ ലേലത്തിനായി ഉപയോഗപ്പെടുത്തും. ഇതോടെ തിക്കും തിരക്കും ഒഴിവാക്കാനാകും.  
ശക്തികുളങ്ങര, നീണ്ടകര ഹാര്‍ബറുകളില്‍ ഓരോ ഇനം മത്സ്യങ്ങളും നിശ്ചിത അകലം പാലിച്ച് വെവ്വേറെ ലേലം ചെയ്യാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. തുറമുഖത്തേക്ക് മത്സ്യബന്ധനവുമായോ വ്യാപാരവുമായോ  ബന്ധമില്ലാത്തവരെ പ്രവേശിപ്പിക്കില്ല. അന്യസംസ്ഥാനത്ത് നിന്നും മത്സ്യവുമായി വരുന്ന വാഹനങ്ങള്‍ക്കും തുറമുഖത്ത്  പ്രവേശനം ഉണ്ടാകില്ല. അഴീക്കല്‍ തുറമുഖത്തും ഏറെ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഗീതാകുമാരി, അസിസ്റ്റന്റ് ഡയറക്ടര്‍ നൗഷര്‍ ഖാന്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ ആര്‍ സന്ധ്യ, കുഫോസ് സ്റ്റാന്റിങ് കമ്മിറ്റി അംഗം എച്ച് ബേസില്‍ ലാല്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ ബിജു ലൂക്കോസ്, ശാന്തകുമാര്‍, നെയ്തില്‍ വിന്‍സെന്റ്, ഹെന്‍ട്രി, ബോട്ട് ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പീറ്റര്‍ മത്യാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date