Skip to main content

കോവിഡ് 19 മത്സ്യലേലം - തിരക്ക് നിയന്ത്രിക്കാന്‍ മത്സ്യത്തിന് അടിസ്ഥാനവില:  മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തുറമുഖങ്ങളിലെ മത്സ്യലേലത്തില്‍ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ മത്സ്യത്തിന് അടിസ്ഥാന വില നിശ്ചയിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ലേലത്തിന്റെ മത്സര സ്വഭാവം ഇതോടെ ഒഴിവാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി നേതാക്കള്‍, ബോട്ട് ഉടമകള്‍, ഫിഷറീസ് അധികൃതര്‍ എന്നുവരുമായി കലക്‌ട്രേറ്റില്‍ കൂടിയ യോഗത്തിലാണ് തീരുമാനം.  
ഹാര്‍ബറുമായി നേരിട്ട് ബന്ധപ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍, ലേലക്കാര്‍, കച്ചവടക്കാര്‍ എന്നിവര്‍ അല്ലാത്തവരെ ഹാര്‍ബറില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.. ഹാര്‍ബറില്‍ പ്രവേശിക്കുന്നവര്‍ മാസ്‌ക് ധരിച്ചു കൈകള്‍ കഴുകി പ്രവേശിക്കണം.
ഹാര്ബറിനുള്ളിലും,  പരിസരത്തും ഇതരസംസ്ഥാന വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലുള്ള മല്‍സ്യകച്ചവടം നിരോധിച്ചു. ഹാര്‍ബറുകളില്‍ മത്സ്യം വാങ്ങാനായി എത്തുന്നവര്‍ക്ക് മാര്‍ച്ച് 31 വരെയാണ്  നിയന്ത്രണം ഏര്‍പ്പെടുത്തുക.
കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ഒരിടത്ത് നടക്കുന്ന ലേലം ചൊവ്വാഴ്ച മുതല്‍ വിവിധ കേന്ദ്രങ്ങളിലായി നടത്തും. വാടി, മൂതാക്കര, തങ്കശ്ശേരി, ജോനകപ്പുറം, പോര്‍ട്ട് കൊല്ലം എന്നിവിടങ്ങളിലായി ലേലം വികേന്ദ്രീകരിക്കും. ഇവിടെ ഒഴിഞ്ഞു കിടക്കുന്ന ഹാളുകള്‍ ലേലത്തിനായി ഉപയോഗപ്പെടുത്തും. ഇതോടെ തിക്കും തിരക്കും ഒഴിവാക്കാനാകും.  
കശുവണ്ടി ഫാക്ടറികളില്‍ ഒന്നിടവിട്ട ദിനങ്ങളില്‍ 50 ല്‍ കൂടാതെ തൊഴിലാളികള്‍ക്ക് പ്രവൃത്തി സമയം ക്രമീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി അബ് ദുല്‍ നാസര്‍, സിറ്റി പൊലീസ് കമ്മീഷ്ണര്‍ ടി നാരായണന്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, മത്സ്യഫെഡ് എം ഡി ലോറന്‍സ് ഹറോള്‍ഡ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഗീതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ. നമ്പര്‍. 835/2020)
 

date