Skip to main content

കോവിഡ് 19 ബയോമെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജന മാര്‍ഗരേഖ കര്‍ശനമാക്കി

  ജില്ലയില്‍ കോവിഡ് 19 പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ബയോമഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനത്തിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാര്‍ഗ നിര്‍ദേശം കര്‍ശനമാക്കി.  ക്വാറന്റൈന്‍ സെന്ററുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, സാമ്പിള്‍ ശേഖരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ബയോമെഡിക്കല്‍ മാലിന്യങ്ങളും ഇതര ഖരമാലിന്യങ്ങളും ശേഖരിക്കുന്നതിന് പ്രത്യേക ശുചീകരണ ജീവനക്കാരെ ചുമതലപ്പെടുത്തിയാണ് മാലിന്യ നിര്‍മാര്‍ജനം നടത്തുക.  
വാര്‍ഡുകളില്‍ ക്രമീകരിച്ചിട്ടുള്ള പ്രത്യേക കളര്‍ കോഡ് ഉള്ള ബിന്നുകള്‍/ബാഗുകള്‍/കണ്ടയിനറുകളില്‍ ആയിരിക്കും മാലിന്യങ്ങള്‍ നിക്ഷേപിക്കുക. കോവിഡ് ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി കണ്ടെയ്നറുകളില്‍ 'കോവിഡ് 19 മാലിന്യങ്ങള്‍' എന്ന് ലേബല്‍ ചെയ്തിരിക്കും. ആവശ്യത്തിന് ബലം ലഭിക്കാനും ലീക്ക് ഉണ്ടാകാതിരിക്കാനുമായി രണ്ട് ലെയറുകളുള്ള ബാഗുകളാണ് ഉപയോഗിക്കുക. ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രത്യേക ട്രോളികളും ബിന്നുകളും സജ്ജീകരിക്കും.
കോവിഡ് 19 മാലിന്യങ്ങള്‍ സൂക്ഷിച്ച കണ്ടെയ്നറുകള്‍, ബിന്നുകള്‍, ട്രോളികള്‍ എന്നിവയുടെ അകവും പുറവും ദിവസേന ഒരു ശതമാനം സോഡിയം ഹൈപ്പോ ക്ളോറൈറ്റ് ലായനി ഉപയോഗിച്ച് അണു നശീകരണം നടത്തും. കോവിഡ് പരിശോധനയ്ക്കായുള്ള സാമ്പിള്‍ കളക്ഷന്‍ കേന്ദ്രങ്ങളും ലബോറട്ടറികളും ഇത്തരത്തില്‍ ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ് 2016 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുക.
ക്വാറന്റൈന്‍ സംവിധാനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ കുറവാണെങ്കിലും ഗാര്‍ഹിക മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശം അനുസരിച്ച് ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യും.  തദ്ദേശ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന മഞ്ഞ നിറത്തില്‍ ഉള്ള ബാഗുകളില്‍ ശേഖരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ ചുമതലപ്പെടുത്തിയ സ്ഥാപനത്തിനോ പൊതു ബയോമെഡിക്കല്‍ വേസ്റ്റ് സംസ്‌ക്കരണ സംവിധാനത്തിനോ കൈമാറും.
ഓരോ ട്രിപ്പിനു ശേഷവും ബിന്നുകളും ട്രോളികളു വാഹനങ്ങളും ഒരു ശതമാനം ഹൈപ്പോക്ളോറൈറ്റ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കും. ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന ബിന്നുകളും ഹൈപ്പോക്ളോറൈറ്റ് സ്പ്രേ ചെയ്യുന്നു എന്നും മറ്റു മാലിന്യങ്ങള്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ് പ്രകാരം നിര്‍മാര്‍ജനം ചെയ്യുന്നുവെന്നും ഉറപ്പാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്.

 

date