കോവിഡ് 19 സഹകരണം അറിയിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍
കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന നടപടികളോട് പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്ത് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന നടപടികളെ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ വിളിച്ചുചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പിന്തുണ അറിയിച്ചത്.
രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളുമൊക്കെ ഭക്ഷണപൊതി വിതരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പലപ്പോഴും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടങ്ങള്‍ക്ക് കാരണമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇത് ഒഴിവാക്കി രോഗത്തിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന് ഇത്തരം ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയെന്നതാണ് ഈ ഘട്ടത്തില്‍ ആവശ്യമായിട്ടുള്ളത്. അല്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യത്തിന് തടസം സൃഷ്ടിക്കും.
സമൂഹ അടുക്കളകള്‍, സൗജന്യ റേഷന്‍ വിതരണം, അതിഥി തൊഴിലാളി ക്യാമ്പുകള്‍, ശൂചീകരണം, ഗൃഹനിരീക്ഷണം, സ്ഥാപനങ്ങളിലെ ക്വാറന്റയിന്‍, അഗതി മന്ദിരങ്ങള്‍, കോവിഡ് കെയര്‍ സെന്ററുകള്‍, ആശുപത്രികള്‍, ഐ ടി സേവനങ്ങള്‍ തുടങ്ങിയവയ്ക്കായി വേണ്ടിവരുന്ന സന്നദ്ധ പ്രവര്‍ത്തകരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദേശിക്കാവുന്നതാണ്. ഇവരില്‍ നിന്ന് വിവിധ മേഖലകള്‍ക്ക് ആവശ്യമായ പ്രാവീണ്യമുള്ളവരെ ജില്ലാ ഭരണകൂടം തിരഞ്ഞെടുക്കും. നിലവില്‍ പ്രാദേശികതലത്തില്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് ഇനി മുതല്‍ സാധുത ഉണ്ടാകില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ആളുകള്‍ക്ക് ജില്ലാ ഭരണകൂടം തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. ഈ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ നിബന്ധനകളോടെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അനുമതിയുള്ളൂ.
രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന സമീപനമാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ അതിവേഗം പരിഹരിക്കുന്നതിന് കഴിയുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ലോക്ക് ഡൗണ്‍ കാര്യക്ഷമാക്കുന്നതിന് പൊതുവില്‍ പൊലീസിന്റെ ഇടപെടല്‍ സഹായിച്ചിട്ടുള്ളതായി യോഗം വിലയിരുത്തി. അന്തര്‍ സംസ്ഥാന ചരക്ക് നീക്കം സുഗമമാക്കുന്നതിന് ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ ശ്ലാഘനീയമാണ്. രോഗവ്യാപനം തടയുന്നതിന് നിലവിലുള്ള ജാഗ്രത തുടരണമെന്ന് രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എസ് സുദേവന്‍, മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ, മുന്‍ എം എല്‍ എ എ.യൂനുസ്‌കുഞ്ഞ്, ബി പി ഗോപകുമാര്‍, ഗീതാകൃഷ്ണന്‍, കെ എസ് വേണുഗോപാല്‍, അഡ്വ മണിലാല്‍, താമരക്കുളം സലീം, ആദിക്കാട് മനോജ്, എസ് ഷാജു, തുടങ്ങിയവര്‍ സംസാരിച്ചു.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ആര്‍ ഡി ഒ ആര്‍.സുമീതന്‍പിള്ള, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, ഡെപ്യൂട്ടി ഡി എം ഒ ജെ.മണികണ്ഠന്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ സന്നിഹിതരായി.
- Log in to post comments