Skip to main content

കോവിഡ് 19 ക്ഷീര കര്‍ഷകരും സംഘങ്ങളും ജാഗ്രത പാലിക്കണം

കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ക്ഷീര കര്‍ഷകരും ക്ഷീര സഹകരണ സംഘങ്ങളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കൊറോണ ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുള്ളവര്‍ പാല്‍ സംഭരണ വിപണനത്തില്‍ നിന്നും മാറി നില്‍ക്കണം.
പാല്‍ കവറക്കാരുടെ ശുചിത്വം പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ക്ഷീര കര്‍ഷകരും ക്ഷീര സഹകരണ സംഘങ്ങളും പാല്‍ കറവക്കാരും ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനില്‍ പങ്കാളിയാകുന്നതിന് സോപ്പ്/സാനിറ്റൈസര്‍, മാസ്‌ക്/തൂവാല, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം. ക്ഷീര സംഘങ്ങള്‍ പാല്‍ സംഭരണത്തിന്റെ ദൈര്‍ഘ്യം പരമാവധി കുറച്ച് പ്രത്യേക കൗണ്ടറുകള്‍ തുറന്ന് സംഭരണം നടത്തണം. പാല്‍ സംഭരണ സ്ഥലത്ത് ആള്‍ക്കൂട്ടം പാടില്ല. എല്ലായിടത്തും ശാരീരിക അകലം പാലിക്കണം. ക്ഷീര സംഘം ഓഫീസിന്റെ പ്രവര്‍ത്തനം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ആയിരിക്കും.
ക്ഷീരസംഘം ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. ആയത് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ക്ഷീരസംഘം ഭരണസമിതി ഉറപ്പുവരുത്തണം. പുതുക്കിയ പാല്‍ സംഭരണ വിതരണ സമയക്രമം സംഘത്തിന്റെ നോട്ടീസ് ബോര്‍ഡിലും സംഭരണ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കണം. പാല്‍ വില പരമാവധി ക്ഷീരകര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കണം. ക്ഷീര കര്‍ഷകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്ഷീരസംഘം നോട്ടീസ് ബോര്‍ഡ്, വാട്‌സ് ആപ് മുഖേന അറിയിക്കണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ അനിത അറിയിച്ചു.

 

date