Skip to main content

നികുതി പിരിവില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി പൂതക്കുളം ഗ്രാമപഞ്ചായത്ത്

2019-20 വര്‍ഷത്തെ നികുതി പിരിവില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് ഏഴാം സ്ഥാനവും നേടി പൂതക്കുളം പഞ്ചായത്ത്.  ഡിമാന്റ് തുകയായ 38.38 ലക്ഷത്തില്‍ 38.38 ലക്ഷവും  പിരിച്ചെടുത്താണ് പൂതക്കുളം ഗ്രാമപഞ്ചായത്ത്  ഈ വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. കൂടാതെ പ്ലാന്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ ഒന്നാം സ്ഥാനവും പദ്ധതി ചിലവില്‍ 93 ശതമാനവും ചെലവഴിച്ചു മാതൃകാപരമായ പ്രവര്‍ത്തനമാണ് കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് കാഴ്ചവെച്ചത്. സമയബന്ധിതമായ പദ്ധതി  പൂര്‍ത്തീകരണത്തിന്റെയും മികച്ച ആസൂത്രണത്തിന്റെയും അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ജില്ലയിലെ  മികച്ച പഞ്ചായത്തിനുള്ള സ്വരാജ് അവാര്‍ഡും പൂതക്കുളത്തിനായിരുന്നു. നിര്‍വഹണത്തിനുള്ള അംഗീകാരമായി ജില്ലയിലെ  മികച്ച പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നീ അവാര്‍ഡുകളും ഇതോടൊപ്പം പഞ്ചായത്ത് നേടിയിരുന്നു.
കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപെട്ട് ഒട്ടേറെ മാതൃകാ പ്രവര്‍ത്തനങ്ങളും പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശനം, ബോധവത്കരണ പരിപാടികള്‍, 175 ഓളം പേര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ആരംഭിച്ച സമൂഹ അടുക്കള എന്നിവ സജീവമായി നടക്കുന്നുണ്ട്. വേനല്‍ കടുത്തതോടെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജലമെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പൂതക്കുളം പഞ്ചായത്തിന്റെ ഭരണരംഗത്തെ സുതാര്യതയുടെ അംഗീകാരമാണ് അവാര്‍ഡെന്നും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്‍വര്‍ഷങ്ങളിലെന്നപോലെ തുടരുമെന്നും പ്രസിഡന്റ് എം കെ ശ്രീകുമാര്‍ പറഞ്ഞു.

 

date