കോവിഡ് 19 അതിഥി ക്യാമ്പുകളില്‍ ഭക്ഷ്യധാന്യ വിതരണം തുടരുന്നു
സപ്ലൈകോയില്‍ നിന്നും ലഭ്യമായ ഭക്ഷ്യധാന്യങ്ങള്‍ വിവിധ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ എ ബിന്ദു അറിയിച്ചു. ക്യാമ്പുകളില്‍ അരി വിതരണം പൂര്‍ത്തിയായിട്ടുണ്ട്. സപ്ലൈകോയില്‍ നിന്നും ലഭ്യമായിട്ടുളള പലവ്യഞ്ജന പച്ചക്കറി കിറ്റുകളുടെ വിതരണവും തുടങ്ങി.
ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 4) 109 ക്യാമ്പുകളിലായി 1438 തൊഴിലാളികളെ ലേബര്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചിട്ടുണ്ട്. ജില്ലയില്‍ തൊഴിലുടമകള്‍ ഇല്ലാത്ത 4454 തൊഴിലാളികളാണ് ഉളളത്. ഈ തൊഴിലാളികള്‍ക്കാണ് സര്‍ക്കാര്‍ അരിയും പലവ്യഞ്ജന പച്ചക്കറികിറ്റും വിതരണം നടത്തിയിട്ടുളളത്. തൊഴിലുടമകളുടെ കീഴിലുളള 10,000 ത്തോളം തൊഴിലാളികള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ഉറപ്പ് വരുത്തേണ്ടത് അതത് തൊഴിലുടമകളാണ്. അതിഥി തൊഴിലാളികള്‍ക്ക് താമസമോ ഭക്ഷണമോ നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. ജില്ലാ ലേബര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് -19 കോള്‍സെന്ററില്‍ ലഭിച്ച എട്ട് പരാതികള്‍ അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ക്ക് കൈമാറി സമയബന്ധിതമായി പരിഹരിച്ചിട്ടുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പറഞ്ഞു.
- Log in to post comments