Skip to main content

കോവിഡ് 19   നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസിക പിന്തുണയേകി സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍

കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍  നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണയും ആത്മവിശ്വാസവും പകര്‍ന്നു നല്‍കി സ്‌കൂള്‍  കൗണ്‍സിലര്‍മാര്‍. ജില്ലയിലെ എണ്‍പതോളം സ്‌കൂള്‍ കൗണ്‍സിലര്‍മാരാണ്  ടെലി കൗണ്‍സിലിംഗിലൂടെ സേവന സന്നദ്ധരായിരിക്കുന്നത്. ഗൃഹ നിരീക്ഷണത്തിലും ഐസൊലേഷനിലും കഴിയുന്നവര്‍ക്ക് ഒരാഴ്ചയായി ടെലി കൗണ്‍സിലിങ് നല്‍കി വരികായാണ് ഇവര്‍.  
വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ മാനസികാരോഗ്യ പദ്ധതിയുമായി ചേര്‍ന്നാണ്  ടെലി  കൗണ്‍സിലിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഗൃഹനിരീക്ഷണത്തില്‍ കഴിയുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാനസിക പിരിമുറുക്കം, ഭയം, ഉറക്കക്കുറവ്, ഒറ്റപ്പെടല്‍, വിഷാദം എന്നീ പ്രശ്‌നങ്ങള്‍ കണ്ടെത്താനും  ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സാ സൗകര്യമൊരുക്കുവാനും കൗണ്‍സിലര്‍മാര്‍ക്ക് സാധിക്കും. മദ്യാസക്തി വഴി ഉണ്ടാകാന്‍ സാധ്യതയുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും കൗണ്‍സിലിങ് നല്‍കിവരുന്നു.
ഓരോ കൗണ്‍സിലര്‍മാരും നിത്യേന അന്‍പതോളം ആളുകളുമായി ടെലി കൗണ്‍സിലിങ് വഴി ആശയ വിനിമയം നടത്തി അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പൂര്‍ണ മാനസിക പിന്തുണ നല്‍കുന്നു. ജില്ലാ വനിതാശിശു വികസന വകുപ്പ് ഓഫീസര്‍ പി ഗീത കുമാരി,   ജില്ലാ മാനസികാരോഗ്യ പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ ബി എസ് മിനി എന്നിവരുടെ നേതൃത്വത്തിലാണ് ടെലി കൗണ്‍സിലിങ്.

 

date