കോവിഡ് 19 സൗജന്യ അരിവിതരണം ജില്ലയില്‍ 84.01 ശതമാനം
സൗജന്യ അരിവിതരണം ജില്ലയില്‍ 84.01 ശതമാനം പൂര്‍ത്തീകരിച്ചു. ആകെയുള്ള 7,44,922 റേഷന്‍ കാര്‍ഡ് ഉടമകളില്‍ 6,25,839 കാര്‍ഡ് ഉടമകള്‍ ഇന്നലെ വരെ(ഏപ്രില്‍ 7) സൗജന്യ റേഷന്‍ കൈപ്പറ്റി. 91.15 ശതമാനം വിതരണം പൂര്‍ത്തിയാക്കിയ പത്തനാപുരം താലൂക്കാണ് ജില്ലയില്‍ ഒന്നാമത്. ഇവിടെ ആകെയുള്ള 47,651 കാര്‍ഡ് ഉടമകളില്‍ 43,438 കാര്‍ഡ് ഉടമകള്‍ സൗജന്യ റേഷന്‍ കൈപ്പറ്റി.
ഏറ്റവും കുറവ് വിതരണം രേഖപ്പെടുത്തിയത് കരുനാഗപ്പള്ളി താലൂക്കിലാണ് 77.52 ശതമാനം. ഇവിടെ ആകെയുള്ള 1,22,916 റേഷന്‍ കാര്‍ഡ് ഉടമകളില്‍ 95,293 കാര്‍ഡ് ഉടമകള്‍ മാത്രമാണ് റേഷന്‍ കൈപ്പറ്റിയത്. 2,68,909 റേഷന്‍ കാര്‍ഡ് ഉടമകള്‍ ഉള്ള കൊല്ലം താലൂക്കില്‍ 2,31,077 റേഷന്‍ കാര്‍ഡ് ഉടമകള്‍ സൗജന്യ അരി കൈപ്പറ്റിയിട്ടുണ്ട്. 85.83 ശതമാനം ആണ് കൊല്ലം താലൂക്കില്‍ പൂര്‍ത്തീകരിച്ചത്. കൊട്ടാരക്കര 84.33 ശതമാനം, കുന്നത്തൂര്‍ 89.20 ശതമാനം, പുനലൂര്‍ 78.95 ശതമാനം എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് താലൂക്കുകളിലെ കണക്കുകള്‍.
ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളില്‍ ഇന്നലെ(ഏപ്രില്‍ 7) ഏഴു റേഷന്‍ കടകളിലും മൂന്നു പൊതു വിപണികളിലും പരിശോധന നടത്തി. സ്റ്റോക്കില്‍ വ്യത്യാസം കണ്ടെത്തിയ മൂന്നു റേഷന്‍ കടകള്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. പരിശോധനയില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ബി പ്രവീണ്‍, ആര്‍ രാജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. അവശ്യ സാധനങ്ങളുടെ സ്ഥിതിവിവര കണക്കുകള്‍ വിലയിരുത്തുന്നതിന് ജില്ലയിലെ മൊത്ത വ്യാപാരികളുടെ യോഗം ജില്ലാ സപ്ലൈ ഓഫീസറുടെ സാന്നിധ്യത്തില്‍ ജില്ലാ സപ്ലൈ ഓഫിസില്‍ ചേര്‍ന്നു.
അവശ്യ സാധനങ്ങള്‍ യഥേഷ്ടം എത്തിച്ചേരുന്നെണ്ടെന്നും ലോക്ക് ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ 30 രൂപ വരെ മൊത്തവില്‍പന വിലയുണ്ടായിരുന്ന സവാളയ്ക്ക് 27 രൂപയും, 80 രൂപ വിലയുണ്ടായിരുന്ന ചെറിയ ഉള്ളിയ്ക്ക് 57 രൂപയായും വില കുറഞ്ഞെന്നും നാസിക്കിലെ സവാള മാര്‍ക്കറ്റ് അടച്ചു പൂട്ടിയെങ്കിലും തമിഴ്‌നാട്ടില്‍ നിന്ന് സവാള ലോഡുകള്‍ കൂടുതലായി എത്തിച്ചേരുന്നതിനാല്‍ സവാളയ്ക്ക് വില കൂടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മൊത്തവ്യാപാരികള്‍ അറിയിച്ചു.
സപ്ലൈകോ സൗജന്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ആദ്യഘട്ട വിതരണം നടത്തുന്ന എ എ വൈ കാര്‍ഡ് ഉടമകള്‍ക്കുള്ള 17 ഇനങ്ങളില്‍ ലഭ്യത കുറവുള്ള ഇനങ്ങള്‍ സപ്ലൈകോ ആവശ്യപ്പെടുന്ന പ്രകാരം എത്തിച്ചു നല്‍കുന്നതിനുള്ള സന്നദ്ധത മൊത്തവ്യാപാരികള്‍ അറിയിച്ചതായി ജില്ലാ സപ്ലൈ ഓഫിസര്‍ സി എസ് ഉണ്ണികൃഷ്ണകുമാര്‍ അറിയിച്ചു.
- Log in to post comments